ഉയരം കൂടുംതോറും ജിതിന്റെ ആഗ്രഹത്തിന് മാധുര്യമേറും… …… എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന സ്വപ്നം പൂവണിയിച്ച് ജിതിൻ പോൾ …..

ഏബിൾ. സി. അലക്സ്‌ .....

കോതമംഗലം: ആഗ്രഹത്തിനും, സ്വപ്‌നങ്ങൾ കാണുന്നതിനും അതിർവരമ്പുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആഗ്രഹങ്ങൾ സാധിച്ചെടുക്കുമ്പോൾ ആണല്ലോ അതിന് അതി മാധുര്യം ഏറുന്നത് തന്നെ. തന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് കോതമംഗലം നെല്ലിക്കുഴി സ്രാമ്പിക്കുടി വിട്ടിൽ ജിതിൻ പോൾ എന്ന 31 കാരൻ.സ്കൂളിൽ പഠിക്കുന്ന കാലത്താണ് എവറസ്റ്റ് എന്ന ആ സ്വപ്നം ജിതിന്റെ മനസ്സിൽ ചേക്കേറിയത്.അതിന് നിമിത്തം മനസ്സിൽ കൂടു കൂട്ടിയ രണ്ട് പേരുകൾ ആണ്. ടെൻസിങ് നോർഗെയും, എഡ്‌മണ്ട് ഹില്ലരിയും.അവരെ പോലെ ലോകത്തിലെ വലിയ കൊടുമുടിയായ എവറസ്റ്റിൽ എത്തി പെടുക എന്നതും. ആഗ്രഹം മനസ്സിൽ സ്വപ്നമായി അങ്ങനെ താലോലിച്ചു കൊണ്ടു നടന്നു. ആ കാലത്ത് വീട്ടിലുള്ള ബന്ധുക്കളും സ്കൂളിലുള്ള അധ്യാപകരും ആരാകണമെന്ന് ചോദിച്ചാൽ ജിതിന് ഒറ്റ ഉത്തരമേ ഉള്ളു പർവതരോഹകൻ. യാത്രകളോടും, പ്രകൃതി യോടും ഇഷ്ട്ടവും ചങ്ങാത്തവും കൂടി ജിതിൻ, തന്റെ ആ പഴയ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു ജീവിത യാത്ര മുന്നോട്ടു കൊണ്ടുപോയി. 2012ൽ ജോലി കിട്ടി, 2020 ഓഗസ്റ്റിൽ വിവാഹവും കഴിഞ്ഞു. അപ്പോഴും ആ പഴയ മോഹം മായാതെ, മനസ്സിൽ അങ്ങനെ കിടന്നു. ഒരാളുടെ ജീവിതം പൂർണമാവുന്നത് അയാൾ താൻ കണ്ട സ്വപ്‌നം കൈയ്യെത്തിപിടിക്കുമ്പോഴാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് 2021 ഏപ്രിൽ 24 നു ആ ചെറുപ്പക്കാരൻ കയ്യെത്തി പിടിച്ചു. ചെറുപ്പം മുതൽ സാഹസിക വിനോദങ്ങളോട് കൂട്ടുകൂടിയിരുന്ന ജിതിൻ കൃത്യവും ചിട്ടയുമായ തന്റെ ജീവിത ശൈലിയിലൂടെയാണ് മനസ്സിനേയും ശരീരത്തേയും എവറിസ്റ്റിനായി പാകപ്പെടുത്തിയത്.ഏപ്രിൽ 14വിഷു ദിനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈദ്രബാദ് വഴി ബിഹാറിലെ പാറ്റ്ന യിലേക്ക്. ഒരു മഴയുടെ അകമ്പടിയോടെ ജിതിനെ ഊഷ്മള വരവേൽപ്പ് നൽകി പട്ന സ്വികരിച്ചു. അവിടെ നിന്ന് ടാക്സിയിൽ ഗംഗയും, ഗോതമ്പു പാടങ്ങളും ഒക്കെ കണ്ടു നേരെ ഇന്ത്യ -നേപ്പാൾ അതിർത്തിയായ റെസോളി ലേക്ക്. അവിടെ നിന്ന് അതിർത്തി നടന്നു കടന്ന് ബസിൽ കയറി നേരെ നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിലേക്കു.ഇവിടെ നിന്ന് വിമാനത്തിൽ ലുക്ക്ള. സമുദ്ര നിരപ്പിൽ നിന്ന് 2800ൽ പരം മീറ്റർ ഉയരത്തിൽ ആണ് ലുക്കളാ. അവിടെ നിന്ന് അതി ദുർഘടമായ 60 കി. മി. ഏഴ് ദിവസങ്ങൾ കൊണ്ട് താണ്ടിയാണ് 5000ൽ പരം മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന തന്റെ സ്വപ്നം ഈ കോതമംഗലംകാരൻ പൂവണിയിച്ചത്. ബേസ് ക്യാമ്പിൽ നിന്ന് 3 കി. മി. സഞ്ചരിച്ചാൽ എവറസ്റ്റ് ടോപ് ആയി. എന്നാൽ 16 ദിവസം അതി കഠിനവും, ദുര്ഘടവുമായ വഴി താണ്ടിയാൽ മാത്രമേ അവിടെ എത്തി ചേരുവാൻ സാധിക്കു എന്ന് ഈ സാഹസിക സഞ്ചാരി പറയുന്നു. സാഹസിക വിനോദങ്ങളിൽ തൽപരനായ ജിതിൻ മാരത്തൻ, അൾട്രാ മാരത്തൻ റണ്ണറും കൂടിയാണ്. കർണാടകയിലെ മലനാട് അൾട്രാമാരത്തൺ, വാഗമൺ അൾട്രാ മാരത്തൺ, കൊങ്കൺ അൾട്രാ മാരത്തൺ തുങ്ങി നിരവധി മാരത്തണുകൾ ജിതിൻ പൂർത്തിയാക്കിയിട്ടുണ്ട്. നെല്ലികുഴിയിലെ വ്യാപാരിയായ പോളിന്റെയും ബീനയുടെയും മകനായ ജിതിൻ കൊച്ചിയിലെ കോഗ്നിസന്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനക്കാരനാണ്. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഭാര്യ മെറിനുമാണ് തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിൽ ഊർജമായതെന്ന് ഈ യുവ സാഹസിക സഞ്ചാരി പറയുന്നു.

Back to top button
error: Content is protected !!