മാസപ്പടി വിവാദം; മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.

ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തിട്ടില്ല. അതിന് പിന്നിലെ താൽപ്പര്യമെന്തെന്ന് അറിയാമെന്ന് കഴിഞ്ഞയാഴ്ച്ച ഹർജി പരിഗണിക്കവെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതിയുടെ ഉത്തരവെന്നും അത് റദ്ദാക്കണമെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.

മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽനാടൻ ഹർജിയിൽ വാദമുന്നയിച്ചിരുന്നു. പരാതി വീണ്ടും പുതിയതായി പരിഗണിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നേരത്തെ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ എക്‌സാലോജിക് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മെയ്‌ 6നാണ് കോടതി തള്ളിയത്.

Back to top button
error: Content is protected !!