പുളിന്താനം യാക്കോബായ പള്ളിയില്‍ വിശ്വാസികളുടെ പ്രതിരോധം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല

പോത്താനിക്കാട്: പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ പ്രതിരോധിച്ചതുമൂലം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല. കോടതി വിധി നടപ്പിലാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. തങ്ങള്‍ക്കനുകൂലമായി ലഭിച്ചിരുന്ന കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജൂലൈ 8 ന് മുമ്പ് വിധി നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ പോലീസ് പള്ളിയിലേക്ക് എത്തുകയായിരുന്നു. ഇതറിഞ്ഞ് നൂറുകണക്കിന് ഇടവകക്കാരും സമീപ ഇടവകക്കാരുമായ യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി. ഇന്നലെ രാവിലെയോടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിക്കുകയും പള്ളി പിടിച്ചെടുക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുകയുമായായിരുന്നു.

കോടതി വിധി നടപ്പിലാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിനായി മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എം ജോസുകുട്ടി യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും പള്ളി വിട്ടുതരില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിരോധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട തഹസില്‍ദാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനം എടുക്കുകയായിരുന്നു. ബല പ്രയോഗത്തിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ നീക്കം ചെയ്യരുതെന്ന് കോടതി വിധിയില്‍ പ്രത്യേക പരാമര്‍ശം ഉള്ളതിനാല്‍ പോലീസ് ബലപ്രയോഗത്തിലേക്ക് കടന്നതുമില്ല. ഉച്ചയ്ക്ക് ഒന്നോടെ തഹസീല്‍ദാറും പോലീസും ശ്രമം ഉപേക്ഷിച്ച് മടങ്ങി. മൂവാറ്റുപ്പുഴ ഡിവൈഎസ്പി എ.ജെ തോമസ്, പോത്താനിക്കാട് എസ്എച്ച്ഒ സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും. യാക്കോബായ സഭാ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ് സി.മാത്യു, വൈദീക സെക്രട്ടറി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ തുടങ്ങിയവര്‍ വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രതിരോധത്തിന് നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!