നിര്‍മ്മാണം പൂര്‍ത്തിയാക്കി ചാലിക്കടവ് പാലം തുറന്നു നല്‍കി

മൂവാറ്റുപുഴ: നിര്‍മ്മാണം പൂര്‍ത്തിയാക്കി ചാലിക്കടവ് പാലം ഇന്ന് മുതല്‍ ഗതാഗതത്തിനായി തുറന്നു നല്‍കി. നിര്‍മ്മാണത്തിനായി ആഗസ്റ്റ് നാലിന് അടച്ച പാലമാണ് ഒന്നേമുക്കാല്‍ മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ 8ഓടെ തുറന്ന് നല്‍കിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ഒരാഴ്ച മുന്‍പ് തന്നെ റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് തുറന്ന് നല്‍കി. മൂവാറ്റുപുഴയിലെ ഗതാഗത കുരുക്കടക്കമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്താണ് റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. ജൂലൈ 31 ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് 60 ദിവസത്തെയ്ക്ക് റോഡ് പൂര്‍ണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തിയത്. 55 സെന്റീമീറ്റര്‍ കനത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് റോഡിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. ആദ്യ 15 സെന്റീമീറ്റര്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുകയും, രണ്ടാംഘട്ടമായി 15 സെന്റീമീറ്ററില്‍ അഞ്ചു മീറ്റര്‍ വീതിയിലുള്ള റോഡിന്റെ പാതി ഭാഗം പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടമായിട്ടാണ് ശേഷിക്കുന ഭാഗത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചാലിക്കടവ് പാലം അടച്ചിട്ടതോടെ മൂവാറ്റുപുഴ നഗരവും പരിസര പ്രദേശങ്ങളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയായിരുന്നു.ഇത് പല പ്രതിഷേധനങ്ങള്‍ക്കും കാരണമാക്കിയിരുന്നു.