ബാറിന് സമീപം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മൂന്നാംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. അഞ്ചല്‍പ്പെട്ടി സ്വദേശി ദീപു വര്‍ഗ്ഗീസ്, തോട്ടഞ്ചേരി സ്വദേശി ആഷിന്‍ ഷിബി, തോട്ടഞ്ചേരി സ്വദേശി ടോജി തോമസ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ബാറിന് സമീപം കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തിങ്കളാഴ്ചയാണ് മൂവാറ്റുപുഴ പോലീസ് സ്ഥിതീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാലല്‍ (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക 12.30യോടെയാണ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച തെളിവെടുപ്പ് നടത്തിയത്. മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ അരുണിന്റ നേതൃത്വത്തില്‍ വന്‍ പോലീസ് സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ശബരിബാലിനെ മര്‍ദ്ദിച്ചതും, കാറില്‍ രക്ഷപ്പെട്ടതും പ്രതികള്‍ പൊലീസിന് വിവരിച്ചു നല്‍കി.

ഞായറാഴ്ച ബാറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ശബരിയും, ബാറില്‍ നിന്ന് ഇറങ്ങി വരികയായിരുന്ന യുവാക്കളും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും, ബിയര്‍ കുപ്പി ഉപയോഗിച്ച് യുവാക്കള്‍ ശബരിയുടെ തലയില്‍ ശക്തമായി അടിക്കുകയും ആയിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ശബരിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിയര്‍ കുപ്പി കൊണ്ട് തലയിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: Content is protected !!