തട്ടിപ്പിനിരയായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയയാള്‍ അന്വേഷണത്തിനൊടുവില്‍ പ്രതിയായി… വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയകേസിലെ പ്രതി പിടിയിൽ….

 

 

 

മൂവാറ്റുപുഴ : തട്ടിപ്പിനിരയായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയയാള്‍ അന്വേഷണത്തിനൊടുവില്‍ പ്രതിയായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയകേസിലെ പ്രതിയെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയില്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ടൂര്‍സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന തൃക്കളത്തൂര്‍ മാലിക്കുന്നേല്‍ ജോബി എം മോഹനനെ (37) ആണ് സിഐ കെ.എസ്. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍പ്പെട്ട നിരവധി യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ വടംവലി മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇയാള്‍ പരിചയംവച്ച് ആളുകളെ വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കളെ റഷ്യ, കാനഡ, മലേഷ്യ, തായ്ലന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന ശബളത്തില്‍ മാളുകളിലും മറ്റും ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാലര ലക്ഷം മുതല്‍ ആറര ലക്ഷം രൂപ വീതംവരെ നിരവധി യുവാക്കളില്‍ നിന്നായി രണ്ട് കോടിയോളം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. വിസിറ്റിംഗ് വിസയില്‍ തായ്ലന്‍റിലും മാലേഷ്യയിലും കൊണ്ടുപോയി താമസിപ്പിച്ച് കബളിപ്പിക്കപ്പെട്ട ആളുകളുടെ പരാതിയേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റുള്ളവരില്‍ നിന്നും വായ്പ വാങ്ങിയാണ് പലരും ഇയാള്‍ക്ക് പണം നല്‍കിയത്. വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയാതായതോടെ മാനഹാനി മൂലം വീട്ടിലെത്താന്‍ പറ്റാതെ മലപ്പുറം, ഇടുക്കി, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും, കോഴി ഫാമുകളിലും വിദേശത്ത് എന്ന വ്യാജേന രഹസ്യമായി ജോലി ചെയ്തു വരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ നിന്നും രക്ഷപ്പെടുന്നതിനും തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ കൊടുക്കാതിരിക്കുന്നതിനും വേണ്ടി ഇയാള്‍ തന്നെ പരാതിക്കാരനായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പോലീസിന് മനസിലായത്. ഇതേ കേസില്‍ നേരത്തെ മാവേലിക്കര കന്നിമേല്‍ ചന്ദ്രഭവന്‍ ശരത്ചന്ദ്രന്‍ എന്നയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും ഇവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി കെ. കാര്‍ത്തികിന്‍റെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി സി.ജി. സനല്‍ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ സി.കെ. ബഷീര്‍, എം.എ. ഷക്കീര്‍, സിപിഒ ബിബില്‍ മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

ഫോട്ടോ ……………… ജോബി എം. മോഹനന്‍.

Back to top button
error: Content is protected !!