വാടക വീട് നോക്കാൻ എന്ന വ്യാജേനയെത്തി ഗൃഹനാഥനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ…

 

മൂവാറ്റുപുഴ :വാടക വീട് നോക്കാൻ എന്ന വ്യാജേനയെത്തി ഗൃഹനാഥനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച് മാലയുമായി കടന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി.എറണാകുളം മരട് ആനകാട്ടിൽ ആഷിക്(27) ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.ബാംഗ്ലൂരിൽ സ്ഥിരതാമസകാരനായ മൂവാറ്റുപുഴ സ്വദേശിയുടെ പുളിഞ്ചുവട്ടിലുള്ള വീട്ടിൽ വോട്ടെണ്ണൽ ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.വീട് വാടകക്ക് കൊടുക്കപെടും എന്ന പരസ്യം കണ്ട് വീട് നോക്കാനെന്ന വ്യാജേന ഇന്നോവ ടാക്സി കാറിൽ എത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച ശേഷം മാലയും തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.തുടർന്ന് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ ഉടൻ പിടികൂടുമെന്നും,സംഘം എത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായും,കൂടാതെ കൊലപാതകം, മയക്കുമരുന്ന്, കഞ്ചാവ്, വാഹനമോഷണം, വഞ്ചന തുടങി ഇരുപതോളം കേസിലെ പ്രതിയാണ് ആഷിക് എന്നും മൂവാറ്റുപുഴ പോലീസ് അറിയിച്ചു.പേഴയ്ക്കാപ്പിള്ളി, പുന്നോപടി അക്വഡേറ്റിനു സമീപത്തെ ഭാര്യവീട്ടിൽ നിരവധി വാഹനതട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ ഭാര്യയും ഒന്നിച്ചു താമസിച്ചുവരവേയാണ് പിടിയിലായത്. ഇയാൾക്ക് മാന്നാനം ദേവലോകം അരമനക്ക് സമീപം മനക്കൽ വീട്ടിൽ എന്നൊരു വിലാസം കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ വികെ ശശികുമാർ ,എൽദോസ് കുര്യാക്കോസ്, എഎസ്ഐ പിസി ജയകുമാർ, സീനിയർ സിപിഒ അഗസ്റ്റിൻ ജോസഫ്,സിപിഒമാരായ ബിബിൽ മോഹൻ, ജിസ്മോൻ എന്നിവരുമുണ്ടായിരുന്നു.

Back to top button
error: Content is protected !!