കൈക്കൂലി കേസിൽ അറസ്റ്റിലായ പീരുമേട് തഹസിൽദാരുടെ ജാമ്യാപേക്ഷ തള്ളി.

 

മൂവാറ്റുപുഴ : കർഷകർ ദുരിതത്തിൽ വലയുമ്പോൾ അവരിൽ നിന്നും കൈക്കൂലി വാങ്ങുന്നത് ക്ഷമിക്കാനാവാത്ത കുറ്റമാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പീരുമേട് തഹസിൽദാർ യൂസഫ് റാവുത്തരുടെ(45) ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് വിജിലൻസ് കോടതി ഈ അഭിപ്രായം പറഞ്ഞത്. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ തള്ളി.

ഇടുക്കി വാഗമൺ സ്വദേശി കാണിച്ചേരി യിൽ രാധാമണി സോമൻ എന്ന സ്ത്രീയിൽ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇടുക്കി വിജിലൻസ് പോലീസ് ഒരുക്കിയ കെണിയിൽ തഹസിൽദാർ അറസ്റ്റിലായത്. വസ്തുവിന്റെ പട്ടയം ശരിയാക്കുന്നതിന് 50,000 രൂപയാണ് തഹസിൽദാർ ആവശ്യപ്പെട്ടത്.

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുവാൻ നിയമിതനായ തഹസിൽദാർ അതിനു വിപരീതമായി കൃഷി ക്കാരിയായ സ്ത്രീയോട് കൈക്കൂലി ആവശ്യപ്പെട്ടതും വാങ്ങിയതും ചെറിയ കുറ്റമല്ല. വ്യക്തികളുടെ താൽപര്യവും സമൂഹത്തിന്റെ പൊതു താൽപര്യവും പരിഗണിക്കുമ്പോൾ സമൂഹത്തിന്റെ താല്പര്യത്തിനാണ് മുൻഗണന നൽകേണ്ടത്. അഴിമതി സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാൻസറാണ്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വിജിലൻസ് ജഡ്ജി ജോബി സെബാസ്റ്റ്യൻ പറഞ്ഞു.
മാർച്ച് ഒമ്പതു വരെ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!