കോതമംഗലം

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും – ആന്റണി ജോൺ എം.എൽ.എ.

 

മൂവാറ്റുപുഴ: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു. പദ്ധതിക്കായി 2019-20 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഏറെ വർഷങ്ങളായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാത്തതു മൂലവും, ഫണ്ടിൻ്റെ അപര്യാപ്തത മൂലവും പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. കോതമംഗലം പട്ടണത്തിലെ ഗതാഗത കുരിക്കിന് ശാശ്വത പരിഹാരവും, പ്രദേശത്തിൻ്റെ വികസന കുതിപ്പിന് കരുത്ത് പകരുന്നതുമായ ന്യൂ ബൈപ്പാസ് റോഡിന് തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള ആദ്യ റീച്ചിന് 4.5 കോടി രൂപയും, കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിന് 10 കോടി രൂപയും ഉൾപ്പെടെ 14.5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള ആദ്യ റീച്ചിന്റെ ടെണ്ടർ നടപടികളാണ് പൂർത്തിയായത്. രണ്ടാം റീച്ചായ കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും, പ്രസ്തുത പ്രവർത്തിയുടെ സാങ്കേതിക നടപടികൾ ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ. പറഞ്ഞു. നിലവിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ആദ്യ റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!
Close