ചിരിപ്പിച്ചും ചിന്തിപ്പിച്ചും മേളയില്‍ ചായക്കട കഥകള്‍

മൂവാറ്റുപുഴ: കേരളത്തിലെവിടെച്ചെന്നാലും കാണാവുന്ന നാടന്‍ ചായക്കടയുടെ പശ്ചാത്തലത്തില്‍ രണ്ട് ലഘുനാടകങ്ങളാണ് മേളയില്‍ ഇന്നലെ അരങ്ങേറിയത്. മലയാളിക്ക് നന്നായി അറിയാവുന്നതും ഗ്രാമനഗരവ്യത്യാസമില്ലാതെ എല്ലായിടത്തും കണ്ടുശീലിച്ചതുമായ പശ്ചാത്തലമാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ചായക്കട കഥകള്‍ എന്ന നാടകത്തിന്റേത്. പുറത്തുനിന്ന് കാണുന്നതിനേക്കാള്‍ നോവിക്കുന്നതാണ് ഓരോരുത്തരുടെയും ഉള്ളം എന്ന് ചായക്കടയില്‍ വന്നുപോകുന്ന ഒരു പത്രപ്രവര്‍ത്തകന്റെയും ശിക്ഷവിധിക്കപ്പെട്ട ഒരു കുറ്റവാളിയുടേയും അനുഭവങ്ങള്‍ അനാവരണം ചെയ്യുന്നതിലൂടെ പറഞ്ഞുവയ്ക്കുന്നു. കഥാപാത്രങ്ങളുടെ സ്വത്വാന്വേഷണം അവസാനിക്കുന്നത് ഒരു പേരിലെന്തിരിക്കുന്നു എന്ന ഒറ്റ ചോദ്യത്തിലാണ്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തന്നെ കഥയായ അനാമികയാണ് ഈ നാടകം. ആക്ഷേപഹാസ്യ ശൈലിയില്‍ അവതരിപ്പിക്കപ്പെട്ട ശ്രീകുമാര്‍ മുല്ലശ്ശേരിയുടെ നാടകത്തില്‍ രണ്ട് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയ്ക്കായി ചാമുണ്ഡിവിലാസം ചായക്കടയില്‍ എത്തുന്നതിനെതുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ഇതള്‍ വിരിയുന്നത്. ശ്രീകുമാര്‍ മുല്ലശ്ശേരിയുടെ തൊരപ്പന്‍ ഗോണ്‍സാല്‍വസ് ആണ് ഈ നാടകം.അനാമിക ചിന്തിപ്പിക്കുന്നതും തൊരപ്പന്‍ ഗോണ്‍സാല്‍വസ് ചിരിപ്പിക്കുന്നതുമായിരുന്നു. ഒരേ കഥാപാത്രങ്ങളും ഒരേ പശ്ചാത്തലവും ഒരേ സംവിധായകനും ഉള്ള മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടക പരമ്പരയിലെ രണ്ട് നാടകങ്ങളാണ് മേളയില്‍ നടന്നത്. മനുഷ്യാവസ്ഥയില്‍ മനുഷ്യന്‍ ഒന്നാണ് പക്ഷെ പേരുകൊണ്ടാണ് പലപ്പോഴും നമ്മള്‍ വ്യാത്യാസ്ഥരാണ് എന്ന ആശയമാണ് നാടകം മുന്നോട്ട് വെയ്ക്കുന്നതെന്ന് അഭിനെതാവായ ദേവന്‍ നെല്ലിമുട് പറഞ്ഞു. അരങ്ങില്‍ ഭീമന്‍ രാവുണ്ണി നായരായി കൃഷ്ണന്‍ നായര്‍ നെയ്യാറ്റിന്‍കര, നാണു നായരായി അരുണ്‍ നാഥ് പാലോട്, വെളിച്ചപ്പാടും ഫുഡ് ഇന്‍സ്പെക്ടറുമായി എ. കെ. സുജിത്, ഉപദേശിയായി ബൈജു പൂജപ്പുര, പത്രപ്രവര്‍ത്തകനായി ദേവന്‍ നെല്ലിമൂട്, എസ്. ഐ.യായി നോബിള്‍ നോര്‍ബര്‍ട്ട്, പോസ്റ്റമാനും രണ്ടാം ഫുഡ് ഇന്‍സ്പെക്ടറുമായി ശ്രീകുമാര്‍ മുല്ലശ്ശേരി, അനാമികയായി സ്നേഹ, ഖദീജയും പോലീസുകാരിയുമായി സിനി പ്രസാദ് എന്നിവരും രംഗത്ത് എത്തി. മേളയുടെ സുവര്‍ണ ജൂബിലി പരമ്പരയിലെ അടുത്ത പരിപാടി ആഗസ്ത് 10ന് സിനിമാതാരം രചനാ നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന നൃത്തശില്‍പമാണ്.

Back to top button
error: Content is protected !!