തങ്കളം – കാക്കനാട് നാലുവരിപ്പാത പദ്ധതി പ്രതിസന്ധിയില്‍

കോതമംഗലം: അലൈന്‍മെന്റ് മാനദണ്ഡ പ്രകാരമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് തങ്കളം – കാക്കനാട് നാലുവരിപ്പാത പദ്ധതി പ്രതിസന്ധിയില്‍. പദ്ധതിയുടെ അലൈന്‍മെന്റും ഡിപിആറും നേരത്തെ അംഗീകരിച്ചിരുന്നതാണ്. കിഫ്ബി പദ്ധതിയായി നടപ്പാക്കാനും തീരുമാനമായിരുന്നു പാത നിലവിലെ അലൈന്‍മെന്റില്‍ കിഫ്ബി ഫണ്ട് മുഖേന നടപ്പാക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ അലൈന്‍മെന്റ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐആര്‍സി) മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലെന്ന് കണ്ടെത്തിയതിനാല്‍ മറ്റ് അലൈന്‍മെന്റ് സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍വഹണ ഏജന്‍സി നിര്‍ദേശിച്ചിരുന്നതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടിയില്‍ അറിയിച്ചു.പ്രായോഗികമായ അലൈന്‍മെന്റ് കണ്ടെത്തുകയും ഐആര്‍സി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷം കിഫ്ബിയുടെ അംഗീകാരവും സാന്പത്തിക അനുമതിയും നല്‍കാമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആദ്യത്തെ അലൈന്‍മെന്റ് പ്രകാരമുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായും മറുപടിയിലുണ്ട്. അനുവദനീയമായതിലും അധികം കയറ്റിറക്കം ഉള്ളതിനാലാണ് ആദ്യത്തെ അലൈന്‍മെന്റ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയത്. നിലവിലെ അലൈന്‍മെന്റ് പ്രകാരംതന്നെ നാലുവരിപാത നിര്‍മിക്കണമെന്നായിരുന്നു സബ് മിഷനിലൂടെ ആന്റണി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഇതുവരെയുണ്ടായ നടപടി ക്രമങ്ങള്‍ വിശദീകരിച്ച എംഎല്‍എ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും നിയമസഭയെ ധരിപ്പിച്ചു. മന്ത്രിയുടെ മറുപടിയോടെ നാലുവരിപാത യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ജനവാസ മേഖലകളെ ഒഴിവാക്കി പുതിയ അലൈന്‍മെന്റ് കണ്ടെത്തല്‍ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.

 

Back to top button
error: Content is protected !!