കോവിഡ് പ്രതിസന്ധിയിൽ കർമ്മരംഗത്ത് സിന്തൈറ്റ് ഗ്രൂപ്പും… സിന്തൈറ്റ് ഗ്രൂപ്പ് അയ്യായിരം ഡോസ് വാക്‌സിന്‍ വാങ്ങും.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി: കോവിഡ് പ്രതിസന്ധിയിൽ സിന്തൈറ്റ് ഗ്രൂപ്പും കർമ്മരംഗത്ത്. കമ്പനി അയ്യായിരം ഡോസ് കോവിഡ് വാക്‌സിന്‍ വാങ്ങിക്കും. സിന്തൈറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് കോവിഡ് വാക്‌സിന്‍ വാങ്ങിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് വാങ്ങിക്കുന്നത്. ആദ്യഘട്ടത്തില്‍ 2500 വാക്‌സിനുകളെത്തും. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളജാശുപത്രിയുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടറും തുറക്കും. ആദ്യഘട്ടത്തില്‍ കമ്പനിയിലെ ജീവനക്കാര്‍ക്കും, പഞ്ചായത്ത് പരിധിയിലുള്ള അര്‍ഹതപ്പെട്ടവര്‍ക്കുമാണ് നല്‍കുന്നത്. ഭാരത്ബയോടെക്ക് കമ്പനിയുമായി സിന്തൈറ്റിന്റെ മൂന്ന് വര്‍ഷത്തോളം നീണ്ട് ബിസിനസ് ബന്ധമാണ് വാക്‌സിന്‍ വേഗത്തില്‍ നല്‍കാന്‍ സഹായിച്ചതെന്നും ഡോ. വിജു ജേക്കബ് അറിയിച്ചു. വാക്‌സിന്‍ നടപടിക്രമങ്ങള്‍ സുതാര്യവും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസും യഥാസമയത്തു തന്നെ ലഭിക്കുവാന്‍ തക്കവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ 1250 പേര്‍ക്ക് ആദ്യവാക്‌സിനും, നിശ്ചിതസമയത്തു തന്നെ രണ്ടാമത്തെ ഡോസും നല്‍കും. ഇതിനുശേഷമാകും അടുത്ത 2500 ഡോസുകൂടി എത്തുന്നത്. സംസ്ഥാനത്ത് വാക്‌സിന്‍ ലഭിക്കുന്നതിന് നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് സിന്തൈറ്റ് നേരിട്ട് തങ്ങളുടെ പഞ്ചായത്ത് പരിധിയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് അയ്യായിരം ഡോസ് കോവാക്‌സിന്‍ വാങ്ങുന്നത്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കമ്പനി ലോകം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നാടിനൊപ്പം കൈകോര്‍ക്കുന്നതെന്നും കമ്പനി അറിയിച്ചു.

Back to top button
error: Content is protected !!