സ്വിറ്റ്സർലൻണ്ടിലെ എ.ടി.എച്ച്. സർവ്വകലാശാലയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിന് അഭിമാന നേട്ടം.

 

മൂവാറ്റുപുഴ: സ്വിറ്റ്സർലൻണ്ടിലെ എ.ടി.എച്ച്. സർവ്വകലാശാലയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിന് അഭിമാന നേട്ടം. ആൽബർട്ട് ഐൻസ്റ്റീൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇ.ടി.എച്ച്. സർവ്വകലാശാല ആഗോള തലത്തിൽ നടത്തിവരുന്ന എൻജിനീയറിങ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള സി ബാത്ലോൺ 2020 മത്സരത്തിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഏക കോളേജ് ആണ് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജ്. 20 രാജ്യങ്ങളിൽനിന്നായി 49 ടീമുകൾ പങ്കെടുത്തതിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജ് 9ആം സ്ഥാനം നേടി. അവയവങ്ങൾ നഷ്ടമായതും പാരലൈസ്ഡ് ആയിട്ടുള്ളവർക്കുമായി സാധാരണ ജീവിതം സാധ്യമാക്കുന്ന മത്സര ഇനത്തിൽ പവേർഡ്‌ ആം പ്രോതെസിസ് ആയിരുന്നു വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ പ്രൊജക്റ്റ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗപരിമിതരായവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസറും ജർമൻ ഇൻഡസ്ട്രിയൽ എൻജിനിയറിങ്ങിൽ എക്സ്പേർട്ടുമായ റാൽഫ് സ്നൈഡർ ആണ് പ്രൊജക്റ്റ് ഗൈഡ്. വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ ഫാബ് ലാബിൽ സാങ്കേതിക വിഭാഗത്തിൽ നിന്നും നിക്സൺ ജോർജ്ജ്, ജെക്സൺ ജോർജ്ജ്, അഖിൽരാജ് കൂടാതെ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വിദ്യാർത്ഥികളായ രാഹുൽ സത്യൻ, അഞ്ജിത് പി.എൻ., ഹരിശങ്കർ എസ്. എന്നിവരും ചേർന്നാണ് പ്രൊജക്റ്റിനു സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്. വലതുകരം നഷ്ടപ്പെട്ട അലൻ മാത്യുവാണ് വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വികസിപ്പിച്ചെടുത്ത പവേർഡ്‌ ആം ഘടിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തത്. പ്രൊജക്റ്റ് യാഥാർത്ഥ്യമായതോടു കൂടി അന്താരാഷ്ട്രതലത്തിൽ വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് റിസർച്ച് ഉപരിപഠനത്തിനുള്ള കൂടുതൽ സാധ്യതകൾ തെളിഞ്ഞിരിക്കുന്നു. മാനേജ്മെന്റ് പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, പ്രൊജക്റ്റ് ഓഫീസർ ജെസ്സി മാത്യു പൈകട തുടങ്ങിയവരും പ്രോജക്ടിന് പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകി.

Back to top button
error: Content is protected !!