വാളകം പഞ്ചായത്തിലെ 14 വാര്‍ഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

മൂവാറ്റുപുഴ: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയുന്നതിനും, കുറ്റകൃത്യങ്ങള്‍, മദ്യപാനം, ലഹരി ഉപയോഗം, ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി വാളകം പഞ്ചായത്തിലെ 14 വാര്‍ഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. 10 ലക്ഷം രൂപ ചിലവഴിച്ചാണ് ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലുമായി 16 നീരിക്ഷണക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് അതിര്‍ത്തിയായ കടാതിയിലും, പെരുവംമുഴിയിലും എഎന്‍പിആര്‍ സംവിധാനമുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 32 ക്യാമറകള്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളാണ് പഞ്ചായത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തില്‍ നടന്ന നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് നിര്‍വഹിച്ചു. 5 ലക്ഷം രൂപ കൂടി മുടക്കി അടുത്തഘട്ടത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്റ നേതൃത്വത്തിലുള്ള ഭരണസമിതി.

180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വരെ കൃത്യമായി ഒപ്പിയെടുക്കുന്നതിനുള്ള സംവിധാനമാണ് എഎന്‍പിആര്‍. പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തിലും, പോലീസ് സ്റ്റേഷനിലും ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭ്യമായിരിക്കും. എസ്എംബി ടെക്നോളജീസാണ് ക്യാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.രണ്ടു വര്‍ഷത്തേക്ക് ഇവരുടെ സേവനം, തുടര്‍ന്ന് പഞ്ചായത്ത് തന്നെ നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തുന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബികെ അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ റെജി പി.കെ, ദിഷ ബേസില്‍, ലിസി എല്‍ദോസ്, ജോളിമോന്‍ ചൂണ്ടയില്‍, കെ.പി എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു .

 

Back to top button
error: Content is protected !!