സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.  ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരിൽ ഒരാളാണെന്നും സുരേഷ് ഗോപി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026ൽ കേരളത്തിൽ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവർഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു പുഞ്ചിരിയോടെയുള്ള സുരേഷ് ഗോപിയുടെ മറുപടി. അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങൾ തരണമെന്ന് തീരുമാനിച്ചാൽ, പാർട്ടി അനുവദിക്കുമെങ്കിൽ ചെയ്യും. ഇപ്പോൾ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ദില്ലിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരിൽ വെച്ച് മാധ്യമപ്രവർത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യമെന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.

Back to top button
error: Content is protected !!