അ​ലു​മി​നി​യം കമ്പനി മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ഇലഞ്ഞി: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഗ്യാലക്‌സി അലുമിനിയം കമ്പനിയുടെ മലിനീകരണത്തിനെതിരെയും നിയമലംഘനങ്ങള്‍ക്കെതിരെയും മന്ത്രി പി. രാജീവിന് നിവേദനം നല്‍കി. പഞ്ചായത്തിന്റെ പരാതിയെതുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ 27ന് കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 12 ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ പഞ്ചായത്ത് ഭരണസമിതിയും ഗുരുതരമായ പിഴവുകള്‍ രേഖമൂലം പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കിയിരുന്നു. ന്യൂനതകള്‍ പരിഹരിക്കുന്നതുവരെ കന്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവും നല്‍കിയിരുന്നു. എന്നാല്‍ മൂന്നിന് പഞ്ചായത്തിനെയോ പരാതിക്കാരെയോ അറിയിക്കാതെ ബോര്‍ഡ് രണ്ടാമതും പരിശോധന നടത്തുകയും അലുമിനിയം കമ്പനി തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവും നല്‍കി.

ഈ ഉത്തരവ് ലഭിച്ചയുടന്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി യോഗം ചേരുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന തള്ളിക്കളയുകയും അവരുടെ റിപ്പോര്‍ട്ട് പഞ്ചായത്തിന് സ്വീകാര്യമല്ലെന്ന് രേഖാമൂലം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും ചെയ്തു. മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയ ഗുരുതരമായ ന്യൂനതകള്‍ നിലനില്‍ക്കെ തന്നെയാണ് ബോര്‍ഡ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കമ്പനിയുടെ മലിനീകരണത്തിനെതിരെ പഞ്ചായത്ത് ഇതുവരെ സ്വീകരിച്ച നടപടികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവുകളും അടങ്ങിയ നിവേദനം സ്വീകരിച്ച മന്ത്രി ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ ഷേര്‍ലി ജോയ്, പഞ്ചായത്തംഗങ്ങളായ മോളി ഏബ്രഹാം, സുരേഷ് ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!