സർക്കാർ ധനസഹായം ഇല്ല :-സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ

 

എറണാകുളം: സംസ്‌ഥാന ഗവണ്മെന്റിന്റെ ഫണ്ട് ലഭിക്കാത്തത് മൂലം കേരളത്തിലെ 115 ൽ പരം സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ.സംസ്ഥാനത്തെ പതിനായിരത്തിൽപരം കുട്ടികളുടെ കുട്ടിപോലീസ് മോഹം ഇതോടെ ഇല്ലാതാവുകയാണ്.

സമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കാൻ സംസ്ഥാന ഗവണ്മെന്റ് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

2014 മുതൽ എസ് പി സി പദ്ധതി അനുവദിച്ചു നടപ്പിലാക്കി വരുന്ന എയ്ഡഡ് സ്‌കൂളുകൾക്കാണ് സർക്കാർ ഫണ്ട് ലഭിക്കാത്തത്.ഇതിനു മുൻപ് എസ് പി സി നടത്തുന്ന സ്‌കൂളുകൾക്കും 2014 നു ശേഷം അനുവദിക്കുന്ന ഗവണ്മെന്റ് സ്‌കൂളുകൾക്കും തടസം ഇല്ലാതെ ഫണ്ട് ലഭിക്കുമ്പോൾ ആണ് യൂണിഫോമിനോ ദൈനംദിന പരിശീലനത്തിനോ പണം ഇല്ലാതെ 115 സ്‌കൂളുകളിലെ പതിനായിരത്തിൽ പരം കേഡറ്റുകളുടെ പരിശീലനം മുടങ്ങുന്ന അവസ്‌ഥ സംജാതമായിരിക്കുന്നത്.2014 മുതൽ എയ്ഡഡ് സ്‌കൂളിൽ പദ്ധതി അനുവദിക്കുമ്പോൾ രണ്ടു വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുവാനും ആ പണം ഉപയോഗിച്ചു പദ്ധതി നടത്തുവാനും തുടർന്ന് ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞിരുന്നു.എന്നാൽ 7 വർഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചട്ടില്ല.ചില സ്‌കൂളുകളിൽ മാനേജ്മെന്റ് പണം നൽകിയും ചിലയിടത്ത് പി ടി എ, എസ് പി സി ചുമതലക്കാരായ അധ്യാപകരും സഹ പ്രവർത്തകരും സുമനസുകളായ നാട്ടുകാരുടെയും സഹകരണത്തോടെയും പദ്ധതി നടപ്പിലാക്കി വരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപ ഒരു വർഷം പദ്ധതിക്ക് ചെലവ് വരുന്നു.സ്‌കൂൾ അധികാരികളും പി ടി എ യും ചുമതലക്കാരായ അധ്യാപകരും പണം കണ്ടെത്താൻ പെടാപ്പാട് പെടുകയാണ്. പ്രത്യേകിച്ചു കോവിഡ് സാഹചര്യത്തിൽ സാധാരണക്കാരും കൂലി പണിക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ പണം കണ്ടെത്തുക വലിയ പ്രതിസന്ധി ആയതോടെ ആണ് പദ്ധതി നടത്തിപ്പ് വഴി മുട്ടിയത്.

എസ് പി സി കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുകയും കേന്ദ്ര ഗവണ്മെന്റ് ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോൾ ആണ് 7 വർഷം നടത്തി വരുന്ന സ്‌കൂളുകളെ ശ്രദ്ധിക്കാതെ പോകുന്നത്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒട്ടനവധി നിവേദനങ്ങൾ നൽകിയിട്ടും നിയമസഭയിൽ എം എൽ ഏ മാർ വിഷയം ഉന്നയിച്ചിട്ടും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല.

സെൽഫ് ഫണ്ടിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ യോഗം ചേർന്നു ഫണ്ട് അനുവദിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നതിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.കേരളത്തിലെ 115 സ്കൂളുകളിൽ നിന്നും ബന്ധപ്പെട്ട എം എൽ എ മാർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകുന്നതിനും അതോടൊപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്കു നേരിട്ട് കണ്ടു നിവേദനം നൽകുമെന്നും കോർഡിനേറ്റർ അനൂബ് ജോൺ അറിയിച്ചു.

Back to top button
error: Content is protected !!