കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട കേസ്: ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവിനും പിഴയും വിധിച്ച് മൂവാറ്റുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി. കെഎസ്ആര്‍ടിസി ഡ്രൈവറായ വണ്ണപ്പുറം കാനാട്ട് കെ.വി. ബിബിന്‍ കുമാറിനെയാണ് രണ്ട് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും, കൂടാതെ അശ്രദ്ധമായി വാഹനമോടിച്ചതിന് ആറ് മാസം തടവിനും ശിക്ഷിച്ചത്. 2020 ഫെബ്രുവരി 13ന് തൃശൂരില്‍ നിന്നും പാലയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മണ്ണൂര്‍ വാട്ടര്‍ ടാങ്കിന് സമീപം എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടത്. ഈ കേസിലാണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷ വിധിച്ചത്. പിഴ തുക മരണപ്പെട്ട വിദ്യാര്‍ത്ഥികളായിരുന്ന ഗീവര്‍ഗീസിന്റെയും, ബേസിലിന്റെയും മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം. പ്രോസിക്യൂഷനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ഹാജരായി.

Back to top button
error: Content is protected !!