നഗരത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ വിവിധയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വെള്ളൂര്‍ക്കുന്നത്തുള്ള പ്രസ്സ് ക്ലബിന് സമീപം അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ നീക്കം ചെയ്തു. റോഡിലേക്ക് പടര്‍ന്ന് പന്തലിച്ച് ഏതുനിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലായിരുന്ന വലിയ പാഴ്മരം വിവിധ വകുപ്പുകളെ ഏകോപിച്ചാണ് മുറിച്ച് മാറ്റിയത്. മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് നഗരത്തില്‍ ജനങ്ങളുടെ ജീവന് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന റവന്യു വകുപ്പിന്റെയും, തഹസീല്‍ദാരുടെയും ഉത്തരവിനെ തുടര്‍ന്നാണ് ഐഎജി (ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്) യുടെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരം ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ബലക്ഷയം സംഭവിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മഴയും, കാറ്റും ശക്തിപ്പെടുന്നതിന് മുന്‍പ് വാഹന യാത്രക്കാര്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ അപകട ഭീഷണി ഉയര്‍ത്തിയ പാഴ്മരം മുറിച്ച് മാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.താലൂക് ഐഎജി കണ്‍വീനര്‍ നസീര്‍ അലിയാര്‍,റെസ്‌ക്യൂ വിദഗ്ദന്‍ ഷാജി സെയ്ത് മുഹമ്മദ്, നജീബ് വി,കെ, ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേഷ്, വില്ലേജ് ഓഫീസര്‍ ഹംസ, വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ മരം മുറിച്ച് മാറ്റുന്നതിന് നേതൃത്വം നല്‍കി. കാലവര്‍ഷം അതിശക്തമല്ലെങ്കിലും പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും, അപകട മരണങ്ങള്‍ വരെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൂവാറ്റുപുഴ ഐഎജി പ്രത്യേക യോഗം ചേര്‍ന്ന് രക്ഷാ മുന്‍കരുതലുകള്‍ക്ക് സന്നദ്ധമായത്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റിടങ്ങളില് അപകട ഭീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റും.

Back to top button
error: Content is protected !!