ദേശീയപാതയുടെ സമീപത്തെ സ്ലാബ് ഇല്ലാത്ത ഓട അപകടഭീഷണി ഉയർത്തുന്നു.

മൂവാറ്റുപുഴ: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പെരുമാറ്റം ഭാഗത്ത് സ്ലാബ് ഇല്ലാത്ത ഓട യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. ആഴത്തിലുള്ള ഓട മറച്ച് കുറ്റിച്ചെടികൾ വളർന്നിരിക്കുന്നതിനാൽ അധികം ആരുടെയും ശ്രദ്ധയിൽപെടുന്നില്ല എന്ന അപകടം കൂടി ഇവിടെ ഉണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ രാത്രിയും പകലുമായി കടന്നുപോകുന്ന ദേശീയപാതയ്ക്ക് സമീപമാണ് സ്ലാബ് ഇല്ലാത്ത ഈ ഓട എന്നതാണ് ശ്രദ്ധേയം. ദേശീയപാത അതോറിറ്റിയാണ് ഓടയ്ക്കു മുകളിൽ സ്ലാബുകൾ സ്ഥാപിക്കേണ്ടത്. ദേശീയപാത നവീകരണം നടക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. കൊടുംവളവിലെ തുറന്ന ഓട ഇരുചക്ര വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരേപോലെ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വാഹനങ്ങൾ പതിക്കാൻ കഴിയുന്ന തരത്തിലുള്ള ആഴമാണ് ഈ ഓടക്ക് ഉള്ളത്. കുറ്റിക്കാടുകൾ വളർന്ന് ഓട മറച്ചിരിക്കുന്നതിനാൽ അതിവേഗം ആരും ആരുടെയും ശ്രദ്ധയിൽപ്പെടുകയോ അപരിചിതർക്ക് ഓട ഉണ്ടെന്നു തോന്നുകയോ ചെയ്യില്ല. കുറ്റിച്ചെടികൾ മുറിച്ചുമാറ്റി ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ച് സുരക്ഷിതമാക്കി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.

Back to top button
error: Content is protected !!