സ്റ്റേ​ഡി​യം മാ​ലി​ന്യ​ക്കൂ​മ്പാ​രം : ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ ബി​ജെ​പി

മൂവാറ്റുപുഴ: മാലിന്യക്കൂമ്പാരമായി മാറിയ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം ശുചീകരിക്കാത്തതില്‍ നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ലക്ഷങ്ങള്‍ വാടക വാങ്ങി വിവിധ മേളകള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്ന നഗരസഭ തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒന്നരമാസം മുന്‍പ് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന മൂവാറ്റുപുഴ ഫെസ്റ്റിന്റെ നടത്തിപ്പുകാര്‍ ഉപേക്ഷിച്ച് പോയ മാലിന്യങ്ങള്‍ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്താണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മേളയുടെ നടത്തിപ്പുകാര്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി തീര്‍ത്ത കുഴിയും പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ഭീഷണിയായി. ഒന്നരയാള്‍ താഴ്ചയിലെടുത്തിരിക്കുന്ന കുഴി ശ്രദ്ധയില്‍ പെടാതെയെത്തുന്നവര്‍ക്ക് അപകടം സംഭവിക്കാനും സാധ്യതയേറെയാണെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ പറഞ്ഞു. പ്രദേശത്ത് തളംകെട്ടികിടക്കുന്ന മലിനജലം മഴപെയ്യുന്നതോടെ ഒഴുകി ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന മൂവാറ്റുപുഴയാറിലേക്കാണ് പതിക്കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി നഗരസഭ എത്രയും വേഗം സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Back to top button
error: Content is protected !!