പാരിതോഷികം വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് സിപിഎമ്മിന്റെ ഓഫീസില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു: കോണ്‍ഗ്രസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വിവാദമായ ഭൂമി തട്ടിയെടുക്കല്‍ കേസില്‍ പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി സ്ഥാനം രാജിവെച്ചു പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. പാരിതോഷികം വാങ്ങി വിവിധ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ആരോപിച്ചു. ഇത്തരം കാര്യങ്ങള്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ നിത്യസംഭവങ്ങളാണെന്ന് ഏരിയ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മൂവാറ്റുപുഴയിലെ സിപിഎം ജീര്‍ണ്ണിച്ചിരിക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് സിപിഎം ഏരിയ സെക്രട്ടറിയുടെ വാക്കുകള്‍. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സമാന സ്വഭാവമുള്ള കേസുകള്‍ കണ്ടെത്തി ഇരു കക്ഷികളെയും പാര്‍ട്ടി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് കേസ് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി ഒത്തുതീര്‍പ്പാക്കുന്നത്. തുടര്‍ന്ന് അവരില്‍ നിന്ന് നിശ്ചിതമായ തുക പാരിതോഷികമായി വാങ്ങും.

കക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണ സ്വാധീനം ഉപയോഗപ്പെടുത്തിയുമാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. പുലര്‍ച്ചെ വരെ ഇത്തരത്തില്‍ സിപിഎം ഓഫിസില്‍ മാധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭൂമി സംബന്ധമായതും വ്യവസായങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കുന്നത്. ഇത്തരം നടപടികള്‍ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ വിരുദ്ധവുമാണ്. പോലീസും നീതി ന്യായ കോടതിയും ഉള്‍പ്പെടുന്ന നിയമ വ്യവസ്ഥയെ നോക്കുക്കുത്തിയാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സിപിഎം പിന്തിരിയണം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയമാകേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നത് പണത്തോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് സാബു ജോണ്‍ പറഞ്ഞു. ഇത്തരം കേസുകള്‍ കണ്ടെത്തി പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചി പരാജയപ്പെട്ട ഏരിയ കമ്മിറ്റി അംഗത്തിനെയാണ് രഹസ്യമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരുടേത് ഉള്‍പ്പെടെ മൂവാറ്റുപുഴയിലെ മറ്റു സിപിഎം നേതാക്കളുടെയും ബിനാമി ഇടപാടുകളും സ്വത്ത് വിവരങ്ങളും അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!