സ്വന്തമായി സോളാര്‍ ഓട്ടോറിക്ഷ നിര്‍മിച്ച്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി

ഇലഞ്ഞി: സ്വന്തമായി നിര്‍മിച്ച സോളാര്‍ ഓട്ടോറിക്ഷയുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു. ഇലഞ്ഞി വിസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ അവസാന വര്‍ഷ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ സോനു സുനിലാണ് സ്വന്തമായി സോളാര്‍ ഓട്ടോറിക്ഷ നിര്‍മിച്ചത്.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കോളജ് ക്യാന്പസിനുള്ളില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
ഒഴിവു സമയങ്ങളില്‍ ആരംഭിച്ച ഓട്ടോറിക്ഷയുടെ നിര്‍മാണം പൂര്‍ണമാകാന്‍ ഏതാണ്ട് 45 ദിവസം എടുത്തിട്ടുണ്ട്. ഉപയോഗശൂന്യമായ ഗിയര്‍ലസ് സ്കൂട്ടറില്‍ നിന്നുമാണ് പല പാര്‍ട്സും എടുത്തിരിക്കുന്നത്. വാഹനത്തിന്‍റെ ചക്രങ്ങളും മുന്‍ മഡ്ഗാര്‍ഡ്, ഹാന്‍ഡില്‍, ചക്രങ്ങള്‍ എന്നിവ സ്കൂട്ടറില്‍നിന്നും കടമെടുത്തപ്പോള്‍ മറ്റ് പ്രധാന ഭാഗങ്ങള്‍ സ്വന്തമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച്‌ നിര്‍മിച്ചെടുക്കുകയായിരുന്നു. വാഹനത്തിന്‍റെ മുകളില്‍ മൂന്ന് സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ആധുനിക വാഹനങ്ങളില്‍ കന്പനി ഫിറ്റിംഗായി വരുന്ന പല ഫീച്ചറുകളും സോനുവിന്‍റെ സോളാര്‍ ഓട്ടോറിക്ഷയിലുണ്ട്. വാഹനത്തിന്‍റെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കുവാനും കഴിയും. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള കുറഞ്ഞ ചെലവിലുള്ള മൈക്രോ കണ്‍ട്രോളറുകളും അള്‍ട്രാസോണിക് സെന്‍സറുകളുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തില്‍ 750 വാട്ട്സിന്‍റെ ബിഎല്‍ഡിസി മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ക്ക് പുറമേ മൂന്നു പേര്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ആറു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന ഈ വാഹനത്തിന് 98 കിലോമീറ്ററാണ് റേഞ്ച്. ഈയൊരു പ്രോജക്‌ട് പൂര്‍ത്തീകരിക്കാന്‍ 94000 രൂപ ചെലവ് വന്നിട്ടുള്ളതായി സോനു പറഞ്ഞു. സോളാര്‍ ചാര്‍ജിംഗിന് പുറമേ നോര്‍മല്‍ ചാര്‍ജിംഗിനും വാഹനത്തില്‍ സൗകര്യമുണ്ട്. കോളജിലെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് തലവനും റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്‍റ് ഡീനുമായ ടി.ഡി. സുഭാഷ്, അസിസ്റ്റന്‍റ് പ്രഫ. ഹിമ എന്നിവരുടെ സഹായത്തോടെയാണ് പ്രോജക്‌ട് പൂര്‍ത്തീകരിച്ചത്.
കോളജ് ചെയര്‍മാന്‍ രാജു കുര്യന്‍, ഡയറക്ടര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ പ്രമോദ് നായര്‍, പ്രിന്‍സിപ്പല്‍ കെ.ജെ. അനൂപ്, പ്രഫ പി.എസ്. സുബിന്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികളായ അഭിരാം, കണ്ണന്‍, ശ്രീഹരി, ഭാഗ്യരാജ്, അക്ഷയ് തുടങ്ങിയവരുടെ സഹായവും നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുള്ളതായി സോനു പറഞ്ഞു. പല കോളജ് നാഷണല്‍ ലെവല്‍ മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ സോനുവിന് ലഭിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!