മരങ്ങളുടെ വേരുകളില്‍ വിസ്മയ ശില്പങ്ങള്‍ തീര്‍ത്ത് ഷിബു

മൂവാറ്റുപുഴ: മരങ്ങളുടെ വേരുകളില്‍ തന്റെ കരവിരുതിന്റെ അസാമാന്യ വൈഭവം കലര്‍ത്തി വിസ്മയ ശില്പങ്ങള്‍ തീര്‍ക്കുകയാണ് ഇളങ്ങവം ചക്കാലകുന്നേല്‍ ഷിബു. ഉപയോഗശൂന്യമായി പറമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വേരുകളിലും മരക്കുറ്റികളിലുമാണ് മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു കലാരൂപങ്ങളുടെയും ശില്പങ്ങള്‍ ഈ കലാകാരന്‍ രൂപപ്പെടുത്തിയെടുക്കുന്നത്. ഫണം ഉയര്‍ത്തി നില്‍ക്കുന്ന സര്‍പ്പം, ഒട്ടകം, ജലജീവികള്‍, ആന തുടങ്ങിയവയെല്ലാം ഭാവനയിലുദിക്കുന്ന ദാരുശില്പങ്ങളായി വേരുകളില്‍ രൂപമാറ്റപ്പെടുകയാണ്. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായി ജീവിതം ആരംഭിച്ച ഷിബു കൊത്തുപണികളോടുള്ള താത്പര്യത്താല്‍ മരപ്പണിയിലേക്ക് തിരിയുകയായിരുന്നു. അതിനിടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു വര്‍ഷത്തോളം ഒരുവശം തളര്‍ന്ന് ഷിബു കിടപ്പിലായി.
പിന്നീട് ചലന ശേഷി ഭാഗികമായി തിരിച്ചു കിട്ടിയെങ്കിലും ഭാരമേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായി. സാമ്പത്തികമായി വളരെ പിന്നോക്കമായ ഷിബു കുടുംബം പുലര്‍ത്താന്‍ വീട്ടില്‍ തന്നെ ചെറിയ മരപ്പണി ശാല ഒരുക്കി ചെറിയ സ്റ്റൂളുകള്‍, സ്റ്റാന്‍ഡുകള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള കൂടുകള്‍, എന്നിവ നിര്‍മ്മിച്ചു നല്‍കുന്നു. ഇതിനിടയിലാണ് വേരുകളിലും മരക്കുറ്റികളിലും വൈവിധ്യമാര്‍ന്നതും വിസ്മയവുമായ രൂപങ്ങള്‍ കൊത്തിയെടുക്കാന്‍ സമയം കണ്ടെത്തുന്നത്. വളരെ സൂക്ഷ്മതയും ശ്രദ്ധയും അതിലേറെ സമയവും ആവശ്യമായി വരുന്നതാണ് ഓരോ രൂപങ്ങളുടെയും സൃഷ്ടി. വേരുകളുടെ ലഭ്യത കുറവാണ് കൂടുതല്‍ ശില്പങ്ങള്‍ തീര്‍ക്കാന്‍ പ്രതിബന്ധമായി നില്‍ക്കുന്നതെന്നു ഷിബു പറഞ്ഞു. രൂപങ്ങള്‍ കൊത്തി എടുക്കുന്നതിനുള്ള വേരുകള്‍ കണ്ടെത്തി ശേഖരിച്ച് നല്‍കുന്നത് ഭാര്യ സുശീലയാണ്.
ഈടും ഉറപ്പും നല്‍കുന്ന തേക്കു മരത്തിന്റെ വേരുകളാണ് കൂടുതലായും ശില്പ നിര്‍മ്മാണത്തിനായി ശേഖരിക്കുന്നത്. പ്ലാവിന്റെ വേരുകളും ശില്പ നിര്‍മ്മാണത്തിനായി ഉപയോഗിക്കും. മൂവാറ്റുപുഴയിലെ വസ്ത്ര നിര്‍മ്മാണ കമ്പനിയില്‍ ജീവനക്കാരിയായ സുശീലയുടെ ഹൃദയ വാല്‍വു മാറ്റിവച്ചതിനെ തുടര്‍ന്ന് ആരോഗ്യപരമായി വളരെയേറെ ബുദ്ധിമുട്ടിലാണ്. ശില്പങ്ങള്‍ ഓരോന്നും ചെയ്തു പൂര്‍ത്തിയാകുമ്പോള്‍ ആത്മസംതൃപ്തിയും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിലും അര്‍ഹമായ വില നല്‍കി വാങ്ങുന്ന ആവശ്യക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഈ കലാകാരന്‍. ആതിര ആദര്‍ശ് എന്നിവരാണ് മക്കള്‍.