ശതാബ്ദി പ്രതിഭാ പുരസ്‌കാരം ഡോ. മഞ്ജു കുര്യന്

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഞ്ജു കുര്യന് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ഏര്‍പ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്‌കാരം ലഭിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ശ്രദ്ധേയമായ സംഭാവനകളെയും, നേട്ടങ്ങളെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് ശതാബ്ദി പ്രതിഭാ പുരസ്‌കാരം. മികച്ച സംഭാവനകള്‍ നല്‍കിയ, തെരഞ്ഞെടുത്ത 10 പ്രതിഭകള്‍ക്കാണ് വിദ്യാഭ്യാസ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. വ്യാഴാഴ്ച ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ലൈബ്രറി ഹാളില്‍ നടന്ന പുരസ്‌കാര സമ്മേളനത്തില്‍ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ തോമസ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിറിയക് തോമസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സൈക്കോളജി വിഭാഗം അധ്യക്ഷയും പുരസ്‌കാര സമ്മേളനത്തിന്റെ കണ്‍വീനറുമായ ഡോ. വിദ്യ രവീന്ദ്രനാഥന്‍, ഒഎസ്എ വൈസ് പ്രസിഡന്റ്, സജീ ആര്‍., ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍, രേഖ നായര്‍,സൈക്കോളജി വിഭാഗം അസി. പ്രൊഫ. ഷേമ എലിസബത്ത് കോവൂര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസരംഗത്തെ അസാധാരണമായ നേട്ടങ്ങള്‍ക്കുള്ള ആദരമാണ് യു.സി കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയും എംഎ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. മഞ്ജു കുര്യന് ലഭിച്ച ശതാബ്ദി അവാര്‍ഡ്. എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട – കുവൈറ്റ് അലുമിനി ചാപ്റ്റര്‍ എന്നിവ യഥാക്രമം ഏര്‍പ്പെടുത്തിയ ബെര്‍ക്കുമാന്‍സ് അവാര്‍ഡ്, ഫാ. ഡോ.ജോസ് തെക്കന്‍ അവാര്‍ഡ് എന്നിവ 2023 ല്‍ ഡോ. മഞ്ജു കുര്യന്‍ നേടി. കൂടാതെ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ നിരയില്‍ ഡോ. മഞ്ജു കുര്യന്‍ ഇടം നേടിയിട്ടുണ്ട്. നാനോ മെറ്റീരിയല്‍സ്, മേഖലയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗവേഷകയും, പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യന്‍.
2005-ലാണ് ഡോ. മഞ്ജു കുര്യന്‍ മാര്‍ അത്തനേഷ്യസ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2016-ല്‍ അസോസിയേറ്റ് പ്രൊഫസറും, 2019ല്‍ പ്രൊഫസറുമായി. 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങള്‍ കൂടാതെ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ 61 പ്രബന്ധങ്ങളും 3 പുസ്തകങ്ങളുമാണ് പ്രസിദ്ധീകരിച്ച ശാസ്ത്രപഠനങ്ങള്‍.

 

Back to top button
error: Content is protected !!