സേവാഭാരതി പഞ്ചായത്ത് സമിതിയുടെ ഇടപെടലിനെ തുടർന്ന് അനന്തകൃഷ്ണനും ആതിരക്കും വീടൊരുങ്ങുന്നു.

മൂവാറ്റുപുഴ: സേവാഭാരതി പഞ്ചായത്ത് സമിതിയുടെ ഇടപെടലിനെ തുടർന്ന് അനന്തകൃഷ്ണനും ആതിരക്കും വീടൊരുങ്ങുന്നു. വാളകം ആക്കാംപറമ്പിൽ രതിക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സേവാഭാരതിയും സത്സംഗ് ഫൗണ്ടേഷനും ചേർന്ന് പൂർത്തിയാക്കി. ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിനായി സേവാ ഭാരതി പ്രവർത്തകർ വീട്ടിൽ എത്തിയപ്പോൾ ഇടവപ്പാതി മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന അനന്തകൃഷ്ണനെയും ആതിരയെയും ആണ് കാണുവാൻ കഴിഞ്ഞത്. സേവാഭാരതി പഞ്ചായത്ത് സമിതിയുടെ ഇടപെടൽ മൂലം സത്സംഗ് ഫൗണ്ടേഷനുമായി ചേർന്ന് വീട് പുനർനിർമ്മിക്കാൻ തീരുമാനിച്ചു. വാഹനസൗകര്യം എത്തിച്ചേരാത്ത സ്ഥലത്തുള്ള നിർമ്മാണപ്രവർത്തനം പ്രവർത്തകർക്ക് കനത്ത വെല്ലുവിളിയായിരുന്നു. വീടുപണിക്കായുള്ള മെറ്റലും മണലും ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികൾ തലച്ചുമടായാണ് എത്തിച്ചത്. നിർമ്മാണസാമഗ്രികൾ എത്തിക്കുന്നതിന് കൈവഴി മാത്രമാണുണ്ടായിരുന്നത്. മോശം കാലാവസ്ഥയും പ്രവർത്തനങ്ങളെ ബാധിച്ചു. ആഗസ്റ്റ് 23 ന് തുടങ്ങിയ നിർമ്മാണപ്രവർത്തനം ചുരുങ്ങിയ കാലയളവിൽ പൂർത്തീകരിക്കുവാൻ സേവാഭാരതിയെ സാമ്പത്തികമായി നിരവധി ആളുകളും സത്സംഗ് ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റും സഹായിച്ചു. രതിക്കും മക്കൾക്കും പുറമേ പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ഇതോടെ സാധ്യമായി. രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സംഘചാലക് പി. ആർ. രാമചന്ദ്രൻ, സത്സംഗ് ഫൗണ്ടേഷൻ ചെയർമാൻ സുഭാഷ് രാധേശ്യം എന്നിവരുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഗൃഹപ്രവേശം വിജയദശമി ദിനത്തിൽ നടത്തും. ഓൺലൈൻ പഠന സഹായം, ചികിത്സാസഹായം, കോവിഡ് പ്രതിരോധം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് സേവാഭാരതി സമിതി. സേവനം ആവശ്യമുള്ളവരും നൽകാൻ കഴിയുന്നവരും സേവാഭാരതി പഞ്ചായത്ത് സമിതിയെ സമീപിക്കാവുന്നതാണ് ഫോൺ നമ്പർ :

9745725289

Back to top button
error: Content is protected !!