ആകാശ യാത്ര യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തില്‍ വയോമിത്രം പദ്ധതിയിലെ വയോജനങ്ങള്‍

മൂവാറ്റുപുഴ: സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ആകാശ യാത്ര യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മൂവാറ്റുപുഴ നഗരസഭയിലെ വയോമിത്രം പദ്ധതിയിലെ വയോജനങ്ങള്‍. ആകാശ യാത്രയുടെയും കാഴ്ചകളുടെയും പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായാണ് ഇവര്‍ വീടുകളിലേക്കു മടങ്ങിയത്. മൂവാറ്റുപുഴ നഗരസഭയും സഹസ്ര ഫൗണ്ടേഷനും ചേര്‍ന്നാണു വയോമിത്രം പദ്ധതിക്കു വേണ്ടി ഇവര്‍ക്കു വിമാന യാത്ര ഒരുക്കിയത്. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ 10.15ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു തലസ്ഥാന യാത്ര. തിരുവനന്തപുരത്തേക്ക് യാത്രികനായി ഇതേ വിമാനത്തില്‍ ഉണ്ടായിരുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. 33 പേരാണു വിമാന യാത്ര സംഘത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ പറക്കണമെന്ന മോഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് 80 വയസ്സുള്ള പരമേശ്വരനും ഭാര്യയായ 76 വയസ്സുള്ള തങ്കമാളും പിന്നെ കൂട്ടുകാരികളും 60 നും 80 നും ഇടയിലുള്ള ആളുകള്‍ ആയിരുന്നു ഇവരെല്ലാം. സംഘം തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, കുതിര മാളിക എന്നിവ സന്ദര്‍ശിച്ചു. നിയമസഭാ മന്ദിരം, നിയമസഭ മ്യൂസിയം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ എംഎല്‍എയും അവസരമൊരുക്കി. തലസ്ഥാനത്തു നിന്നു ട്രെയിന്‍ മാര്‍ഗമാണ് യാത്രികര്‍ ആലുവയില്‍ തിരിച്ചെത്തിയത്. രാത്രി തന്നെ തിരികെ വീട്ടില്‍ എത്തുകയും ചെയ്തു. മുവാറ്റുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു ആണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത് . വയോമിത്രം കോര്‍ഡിനേറ്റര്‍ നിഖില്‍ വി, കുടുംബശ്രീ പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ യാത്രയില്‍ അനുഗമിച്ചു. ജെറിയാട്രിക് ടൂറിസവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രകള്‍ തുടര്‍ന്നും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: Content is protected !!