ഇലന്തൂര്‍ നരബലി: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.

പെരുമ്പാവൂര്‍: ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ബലാല്‍സംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ പ്രതി. ഐശ്വര്യ പൂജയ്‌ക്കെന്ന വ്യാജേന സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി ഭഗവല്‍ സിംഗ് (67) ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങള്‍ പറമ്പില്‍ കുഴിച്ചിടുകയുമായിരുന്നു. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാല്‍സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവല്‍, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റോസിലിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണ മോതിരം പ്രതികള്‍ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരുന്നതും, അവരുടെ മൊബൈല്‍ ഫോണ്‍ ആലപ്പുഴ എ.സി. കനാലില്‍ എറിഞ്ഞ് കളഞ്ഞതും പോലീസ് വീണ്ടെടുത്തിരുന്നു.

 

Back to top button
error: Content is protected !!