കുരുന്നുകളെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി വിദ്യാലയങ്ങൾ

മൂവാറ്റുപുഴ: കുരുന്നുകളെ വരവേല്‍ക്കാനുള്ള വിദ്യാലയങ്ങളിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. സ്‌കൂള്‍ ജീവിതമാദ്യമനുഭവിച്ചറിയാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കായും, മധ്യവേനലവധിക്ക് ശേഷമെത്തുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കായും വിപുലമായ സ്വീകരണമാണ് മൂവാറ്റുപുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒരുക്കിയിരുക്കുന്നത്. രണ്ടുമാസത്തെ വേനലവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ തിരികെ എത്തുന്നത്. നാളുകള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്ന സ്‌കൂളുകളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാക്കുന്നതിനുള്ള തിരക്കിലാണ് അധ്യാപകരും, പിടിഎ അംഗങ്ങളും. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്ന് മാറി പുതിയൊരനുഭവത്തിലേക്ക് കടക്കുന്ന കുരുന്നുകളെ ആകര്‍ഷിക്കുന്നതിനായി കരുതലും, സ്‌നേഹവും നിറച്ചാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ ഒരുക്കിയും, ക്ലാസ് മുറികളില്‍ പുസ്തകങ്ങളിലെ തന്നെ ചിത്രങ്ങള്‍ വരച്ചും, കണക്കിലെ പട്ടികകള്‍ എഴുതി തയ്യാറാക്കിയും ക്ലാസ്സ് മുറികള്‍ ഒരുങ്ങിക്കിഴിഞ്ഞു. മാര്‍ച്ച് 31 യാത്ര പറഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 3ന് തിരികെ സ്‌കൂളുകളിലെത്തുമ്പോള്‍ പുതിയൊരന്തരീക്ഷമൊരുക്കി വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്താന്‍ ഒരുനാള്‍ മാത്രം ശേഷിക്കെ ചുമരുകളില്‍ പെയിന്റടിച്ചും, മറ്റ് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമുള്ള സ്‌കൂളുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും, സുരക്ഷയും, കരുതലുമുറപ്പുവരുത്തിയാണ് നഗരത്തിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. ബലൂണുകളും, മിഠായിയും, സമ്മാനങ്ങളും, അക്ഷരത്തൊപ്പിയും, അക്ഷരപ്പതാകയുമടക്കം നല്‍കി പ്രവേശനോത്സവം വ്യത്യസ്തമാക്കുനുള്ള അവസാനവട്ട ശ്രമമാണ് സ്‌കൂളുകളില്‍ നടക്കുന്നത്.

Back to top button
error: Content is protected !!