സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ക്ക് ഭാഗികമായി തുറക്കാം; അനുമതിയുള്ളത് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

 

മൂവാറ്റുപുഴ : ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗീകമായി തുറക്കാന്‍ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്‌കൂളുകള്‍ തുറക്കുന്നത്. അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശം തേടുന്നതിനായി ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിയന്ത്രിതമായി (voluntarily basis) സ്‌കൂളുകളില്‍ ചെല്ലുന്നതിനാണ് അനുമതി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കഴിവതും പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ആറടിയില്‍ കുറയാതെ സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്‌ക് ധരിക്കുക, കൈകള്‍ കൃത്യമായി ഇടവേളകളില്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കുക, രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടന്‍ അറിയിക്കുക തുടങ്ങിയവയാണ് പ്രധാനമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍.
ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നതിന് നിര്‍ദ്ദേശമില്ല. കണ്ടെയിന്‍മെന്റ് സോണിലെ സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. അതുപോലെ കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഉപയോഗിച്ച സ്‌കൂളുകള്‍ അണുവിമുക്തമാക്കിയിട്ടാകണം തുറക്കേണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകള്‍ക്ക് പുറത്ത് ക്ലാസുകള്‍ സംഘടിപ്പിക്കാം. അസംബ്ലികള്‍, കായികം, മറ്റു കൂടിച്ചേരലുകള്‍ ഒന്നും അനുവദിക്കില്ല.

സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ അണുവിമുക്തമാക്കുന്നതിനും തെര്‍മല്‍ സ്‌ക്രീനിങ് നടത്തുന്നതിനും സംവിധാനമുണ്ടാകണം. രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളുകളില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Back to top button
error: Content is protected !!