പാണംകുഴി ഹരിത ബയോപാര്‍ക്കില്‍ സമൃദ്ധി കാര്‍ഷിക മേള സംഘടിപ്പിക്കും : എംഎല്‍എ

 

പെരുമ്പാവൂര്‍ : കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും കാര്‍ഷിക സംരഭങ്ങള്‍ക്ക് വിപണനം ഒരുക്കുന്നതും ലക്ഷ്യമാക്കി സമൃദ്ധി കാര്‍ഷിക മേള സംഘടിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. മണ്ഡലത്തിലെ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. പാണംകുഴി ഹരിത ബയോപാര്‍ക്കില്‍ ഫെബ്രുവരി 21 ചൊവ്വാഴ്ചയാണ് മേള. രാവിലെ 10 മുതല്‍ സന്ധ്യ വരെ ഹരിത ബയോ പാര്‍ക്കിന്റെ ജൈവവൈവിധ്യ പശ്ചാത്തലത്തിലാണ് കൃഷിവകുപ്പ് മേള ഒരുക്കുന്നത്. കാര്‍ഷിക രംഗത്തെ വിദഗ്ധരായവരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍, കാര്‍ഷിക ക്വിസ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്ര, കവിതാരചന മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങലും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4മുതല്‍ നാടന്‍പാട്ട് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അരങ്ങും ഉണ്ടായിരിക്കും.

ഹരിത ബയോപാര്‍ക്കിലെ വൈവിധ്യം നിറഞ്ഞ പക്ഷി മൃഗാദികളെയും അപൂര്‍വ്വയിനം ഫല സസ്യങ്ങളേയും ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ശുദ്ധജല മത്സ്യം ആയ അരാപമ പോലെ അപൂര്‍വ്വമായുള്ള കാഴ്ചകള്‍ കാണുന്നതിനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പൂച്ചെടികളുംവിത്തുകളും, കാത്തിരപ്പിള്ളി ഹോം ഗ്രോണ്‍ തൈകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, വൈപ്പിന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ഉണ്ടാകും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളും ഉച്ച ഭക്ഷണത്തിനുള്ള ക്രമീകരണവും സംഘാടകര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. പെരുമ്പാവൂരിലെ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മേളയില്‍ സൗജന്യമായി സ്റ്റാളുകള്‍ അനുവദിക്കും. കാര്‍ഷിക സേവനങ്ങളും നവീന സാങ്കേതികവിദ്യകളും ഉപഭോക്താക്കള്‍ക്ക് തുറന്നുകാട്ടാനുള്ള മികച്ച അവസരവും മേള നല്‍കും. മേളയുടെ സ്വാഗത സംഘ യോഗത്തിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അധ്യക്ഷത വഹിച്ചു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി ജോബി, വിനു സാഗര്‍, ഷീബ ചാക്കപ്പന്‍, ബിജു ടി.കെ, ശശികല കെ.എസ്, ബേസില്‍ കല്ലറക്കല്‍, ഹരിത ബയോപാര്‍ക്ക് ഡയറക്ടര്‍ രാജപ്പന്‍ ടി.ആര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മോളി പി.എന്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .

 

Back to top button
error: Content is protected !!