പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ തിരിച്ചുവരവ്; സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പിണറായി വിജയന്റെ രണ്ടാം മന്ത്രി സ്ഭയില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. ഇന്നലെയാണ് കടുത്ത വിയോജിപ്പോടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രതിപക്ഷം സത്യപ്രിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് – സാംസ്‌കാരികം – സിനിമ – യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. .
മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്നു. ശുപാര്‍ശ മറികടന്നാല്‍ ഭരണഘടനയെ ഗവര്‍ണര്‍ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല്‍ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്‍കാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ശക്തമായ വിയോജിപ്പുകളോടെ ഗവര്‍ണര്‍ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സജിയുടെ മടക്കത്തില്‍ കടുത്ത വിയോജിപ്പോടെയുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരില്‍ നിന്നും നിയമോപദേശങ്ങള്‍ തേടി പരമാവധി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.