ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മരത്തിലേക്ക് ഇടിച്ചുകയറി അപകടം: നാല് പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ച കാറാണ് ഇന്നലെ ഉച്ചക്ക് 1ഓടെ മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ മുതുകല്ല് ഷാപ്പുംപടിയില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശികളായ വല്ലയില്‍ വേണുഗോപാല്‍ (64), പദ്മാവതി (54), സുജിത് (44) എന്നിവര്‍ ഗുരുതര പരിക്കുകളോടെയും, പ്രേംനിഖില്‍(38) നിസ്സാരപരിക്കുകളോടെയും രക്ഷപെട്ടു. ശബരിമല തീര്‍ത്ഥാടനത്തിന് ശേഷം തിരികെ മലപ്പുറത്തേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പണ്ടപ്പിള്ളി ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കൊന്ന മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും, മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Back to top button
error: Content is protected !!