ശബരി ബാല്‍ കൊലക്കേസ്: യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ

മൂവാറ്റുപുഴ: ബാറിന് സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നടപടിയ്ക്കെതിരെ നാളെ യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും. വൈകുന്നേരം 4.30ന് ടൗണില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നിലെത്തുമ്പോള്‍ നടക്കുന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. പുല്ലുവഴി കാല്‍പ്പടിയ്ക്കല്‍ ശബരി ബാലനെ (40)യാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ആദ്യം കരുതിയെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ റിമാന്റിലാണ്. നാലുപേരെകൂടി പോലീസ് പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും പിടികൂടിയിട്ടില്ല. പ്രതികളെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ബാറിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഒടുവില്‍ ബിയര്‍ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് ശബരി ബാല്‍ മരിക്കുകയുമായിരുന്നു. എന്നാല്‍ പോലീസ് യുവാവ് കുഴഞ്ഞു വീണ് മരിച്ചതായി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഏറെ ദുരൂഹതയുളവാക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് പിന്നീട് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ കുറ്റവാളികളെ ഭരണ സ്വാധീനത്താല്‍ രക്ഷപ്പെടുത്താന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Back to top button
error: Content is protected !!