ഭൂതത്താന്റെ കെട്ടുകണക്കിനു കാണാ കാഴ്ചകൾ കാണിക്കുവാൻ വഴികാട്ടിയായി റോയിയുണ്ട്…… …. രണ്ടു പതിറ്റാണ്ടിലധികമായി ഭൂതത്താന്കെട്ടിന്റെ സ്പന്ദനം അറിയാവുന്നതും ഇവിടെ എത്തുന്ന സഞ്ചാരികളുടെ വഴികാട്ടിയും, ടൂറിസ്റ്റ് ബോട്ട് ഡ്രൈവറുമാണിദ്ദേഹം. …..

ഏബിൾ. സി. അലക്സ്‌

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല. നയനമനോഹരമായ വിസ്മയ കാഴ്ചകൾ ആവോളം കണ്ടു ആസ്വദിക്കുവാനുണ്ട് ഭൂതത്താന്കെട്ടിൽ. ഭൂതത്താന്റെ കെട്ടുകണക്കിന് കാഴ്ചകൾ കാണിക്കുവാനും, പെരിയാറിന്റെ മടിത്തട്ടിലുടെ കാനന ഭംഗി ആസ്വദിച്ചു ബോട്ട് സവാരി നടത്തുവാനും ഒക്കെ വഴികാട്ടിയായി ഒരു കൂട്ടുകാരൻ ഉണ്ട് ഭൂതത്താന്കെട്ടിൽ. കഴിഞ്ഞ 22 വർഷമായി ഭൂതത്താന്കെട്ടിൽ ടൂറിസ്റ്റ് ഗൈഡ് ആയും, ബോട്ട് ഡ്രൈവർ ആയും എല്ലാം സേവനം ചെയ്യുകയാണ് തെക്കുംപുറത്തു റോയ് എബ്രഹാമെന്ന ഈ 48 കാരൻ. തന്റെ 22 വർഷത്തെ ഗൈഡ് ജീവിതത്തിനിടയിൽ നിരവധി വിദേശികളും, സ്വദേശികളും ആയിട്ടുള്ള സഞ്ചാരികളുമായി അടുത്തിടപഴകാനും, അവർക്ക് ഭൂതത്താന്റെ കഥകൾ പറഞ്ഞു കാണാ കാഴ്ചകൾ കാട്ടികൊടുക്കുവാനും റോയിക്ക് കഴിഞ്ഞിട്ടുണ്ട്. സ്രാങ്ക് ലൈസൻസും, ബോട്ട് ലൈസൻസും ഉള്ള ഇദ്ദേഹം 1995 മുതൽ പെരിയാറിന്റെ വിരിമാറിലൂടെ യമഹ എൻജിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചു തുടങ്ങിയതാണ്.അന്ന് മേയ്ക്കമാലിൽ ജോസ് എന്നയാളുടെ യമഹ എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചായിരുന്നു റോയിയുടെ തുടക്കം. പിന്നീട് നിരവധി ബോട്ടുകൾ പെരിയാറിന്റെ ഓളപ്പരപ്പിലൂടെ ചീറി പായിച്ചു. ഭൂതത്താന്കെട്ടിൽ, പെരിയാറിന്റെ ആഴങ്ങളിക്ക് പോയി നടന്ന പല അപകടങ്ങളിലും രക്ഷ ദൂതനായതും ഈ യുവാവ് തന്നെ.അതിനിടയിൽ മനസ്സിൽ നിന്ന് മായാതെ നൊമ്പരപെടുത്തുന്ന ഓർമയായി നിൽക്കുന്നത് 2007 ഫെബ്രുവരി 20 നു നടന്ന തട്ടേക്കാട് ബോട്ട് ദുരന്തമാണ്. അന്ന് ബോട്ടിങ്ന്റെ തുകയെ ചൊല്ലിയുള്ള ചെറിയ അഭിപ്രായ വ്യത്യാസത്തിൽ ആണ് അങ്കമാലിയിലെ സ്കൂൾ അധികൃതർ റോയി ഓടിക്കുന്ന ബോട്ടിൽ കയറാതെ ഭൂതത്താന്കെട്ടിൽ നിന്ന് തട്ടേക്കാട്ടേക്കു പോകുന്നതും, പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചതും. നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആകേണ്ട 15 കുരുന്നുകളുടെയും രണ്ടു അധ്യാപകരുടെയും ജീവനുകളാണ് അന്ന് പൊലിഞ്ഞത്. അതു ഒരു നൊമ്പരമായി ഇദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു. ഭാര്യ അനിതയും, മക്കളായ ആൽബിനും, ആബേലും അടങ്ങുന്നതാണ് കുടുംബം. കൊറോണ വൈറസിന്റെ അതിപ്രസരം കെട്ടടങ്ങി വിനോദ സഞ്ചാര മേഖല ഉണരുമ്പോൾ ഭൂതത്താൻകെട്ടിലെ ഭൂതത്താന്റെ, കെട്ട് കണക്കിന് കഥകൾ പറഞ്ഞു തരാൻ റോയ് കാത്തിരിക്കുകയാണ്….. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് റോയിയുമായി ബന്ധപ്പെടാനുള്ള നമ്പർ. 9946641324

Back to top button
error: Content is protected !!