തരിശുപാടങ്ങളിൽ മുണ്ടകൻ കൃഷിയ്ക്കൊരുങ്ങി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

വാരപ്പെട്ടി :തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിയിറക്കാൻ തയ്യാറെടുക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. തരിശു രഹിത വാരപ്പെട്ടി എന്ന ആശയത്തിൽ കൃഷിവകുപ്പുമായും നെല്ലുത്പാദന സമിതിയുമായും ചേർന്നാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ കണ്ടോത്ത് കോട്ടേപ്പാടത്ത് പത്ത് ഏക്കർ സ്ഥലത്താണ് നെൽക്കൃഷി ഇറക്കുന്നത്.

പ്രത്യേകം ഒരുക്കിയ വയലിൽ കൃഷിയ്ക്കായുള്ള വിത്തുപാകൽ ഇതിനകം പൂർത്തിയായി. വിത്ത് മുളച്ച് ഞാറാകുമ്പോൾ ഈ പത്തേക്കറിലും ഒരേ സമയം കൃഷി ആരംഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നെൽക്കൃഷിക്ക് കൃഷിവകുപ്പ് നൽകുന്ന ധനസഹായത്തിന് പുറമെ വിത്തിനുള്ള തുക പഞ്ചായത്ത് ലഭ്യമാക്കും.

നെല്ലുത്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പാടശേഖര സമിതികളെയും, കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ഏകോപിപ്പിച്ച് പരമാവധി ഇടങ്ങളിലും കൃഷിയിറക്കാനുള്ള ശ്രമം നടന്നുവരികയാണ്.

വെറുതെ കിടക്കുന്ന മുഴുവൻ പാടങ്ങളിലും കൃഷി ആരംഭിക്കണം എന്നാണ് ആഗ്രഹമെന്നും വാരപ്പെട്ടിയുടെ പേരിൽ സ്വന്തമായി ഒരു അരി ബ്രാൻഡ് യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

Back to top button
error: Content is protected !!