ഇനി കര്‍ഷകര്‍ക്കും അരി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാം; മിനി റൈസ് മില്ലുമായി കൃഷി വിജ്ഞാന കേന്ദ്രം

 

കോതമംഗലം: നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല്, കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ അരിയാക്കി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ മിനി റൈസ് മില്ലുമായി ജില്ല കൃഷി വിജ്ഞാന കേന്ദ്രം.നെല്ല് പ്രാദേശികമായി തന്നെ പുഴുങ്ങി ഉണക്കി കുത്തരിയാക്കി മാറ്റാന്‍ കെ.വി.കെയുടെ നേതൃത്വത്തില്‍ കോതമംഗലം കീരംപാറയില്‍ പ്രദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിച്ച മിനി റൈസ് മില്ലിന്‍റെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു.ഒരു ബാച്ചില്‍ അര ടണ്‍ നെല്ല് പുഴുങ്ങാവുന്ന തരത്തിലുള്ള പാര്‍ബോയിലിങ് യൂനിറ്റ്, ഉണങ്ങാനായി ഊര്‍ജ ക്ഷമതയേറിയ ഗ്രീന്‍ ഹൗസ് ഡ്രയര്‍, തവിട് കളയാതെ നെല്ല് കുത്തുന്ന റബര്‍ റോള്‍ ഷെല്ലര്‍, മുന്‍ നിശ്ചയിച്ച അളവുകളില്‍ തവിട് മാറ്റാനായി പോളിഷിങ് മെഷീന്‍, അരിയിലെ കല്ല് മാറ്റാനായി ഡീസ്റ്റോണര്‍ എന്നിവ ഉള്‍പ്പെട്ടതാണ് കെ.വി.കെ പ്രദര്‍ശിപ്പിക്കുന്ന മിനി റൈസ് മില്‍.

 

ജൈവ അരി കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കേണ്ട സാഹചര്യങ്ങളില്‍ വായുരഹിത പാക്കിങ്ങിനായി വാക്വം പാക്കേജിങ് മെഷീനും സജ്ജമാണ്. നബാര്‍ഡ് ഫണ്ടുപയോഗിച്ച്‌ കെ.വി.കെ രജിസ്റ്റര്‍ ചെയ്ത കര്‍ഷക കൂട്ടായ്മയായ പെരിയാര്‍ വാലി സ്പൈസ് കര്‍ഷക ഉല്‍പാദക കമ്ബനിക്കാണ് മില്ലിന്‍റെ നടത്തിപ്പ് ചുമതല.

 

കര്‍ഷകനും കമ്ബനിയുടെ ഭാഗവുമായ ജില്ല പഞ്ചായത്ത് അംഗം കെ.കെ. ദാനിയാണ് മേല്‍നോട്ടം വഹിക്കുന്നത്. നാട്ടിലുണ്ടാക്കുന്ന അരിക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്നതിനാല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനവും ഗുണമേന്മയുള്ള അരിയും ലഭിക്കും. ഇതിലൂടെ നെല്‍കൃഷി മേഖലക്ക് പുത്തന്‍ ഊര്‍ജം പകരുകയാണ് ലക്ഷ്യമിടുന്നതെന്ന് കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യന്‍ പറഞ്ഞു.

 

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ സഹായത്തോടെ കൃഷി വകുപ്പ് ആരംഭിക്കുന്ന വിപണന ശാലയുടെ ഉദ്ഘാടനവും നടന്നു. കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചന്‍ ജോസഫില്‍നിന്നും ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് ആദ്യവില്‍പന ഏറ്റുവാങ്ങി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്‍സി അബ്രഹാം, കര്‍ഷക കമ്ബനി മാനേജിങ് ഡയറക്ടര്‍ ടി.കെ. ജോസഫ്, കെ.വി.കെ സബ്ജക്‌ട് മാറ്റര്‍ സ്‌പെഷലിസ്‌റ്റ് പുഷ്പരാജ് ആഞ്ചലോ എന്നിവര്‍ സംബന്ധിച്ചു.

Back to top button
error: Content is protected !!