മഴകനത്തതോടെ ദുരിതത്തിലായി പേട്ട നിവാസികള്‍

മൂവാറ്റുപുഴ: മഴകനത്തതോടെ മണ്ണാന്‍ കടവ് തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലത്തിലൂടെ വേണം പേട്ട നിവാസികള്‍ക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിലെത്താന്‍. മൂവാറ്റുപുഴ നഗരസഭയിലെ 16-ാം വാര്‍ഡിലെ പേട്ട അങ്കണവാടിയിലെക്കുള്ള ലിങ്ക് റോഡാണ് മഴ പെയ്താല്‍ മലിനജലം കൊണ്ടുനിറയുന്നത്. റോഡിന് സമീപത്തുകൂടി ഒഴുകുന്ന മണ്ണാന്‍കടവ് തോടാണ് മഴ പെയ്ത് വെള്ളമെത്തുന്നതോടെ കരകവിഞ്ഞൊഴുകുന്നത്. ആരക്കുഴ റോഡിലേക്ക് കയറുന്ന ലിങ്ക് റോഡിന്റെ സമീപത്തെ 6 അടിയോളം വീതിയില്‍ ഒഴുകി വന്നിരുന്ന തോട് ഒന്നര അടിയിലുള്ള ചെറിയ ഓടയിലൂടെ ഒഴുകുന്നതുമൂലമാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്. തോട് കരകവിഞ്ഞൊഴുകുന്ന പേട്ട റോഡില്‍ അടക്കം ഗതാഗതകുരുക്ക് അനുഭവപ്പെടും. കഴിഞ്ഞ 3 വര്‍ഷമായി എല്ലാ വാര്‍ഡ് സഭകളിലും ഇക്കാര്യം പരാതിയായി പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് പറഞ്ഞു. മണ്ണാന്‍കടവ് തോട്ടിലൂടെ ഒഴുകി വരുന്ന ശുചിമുറി മലിന്യമുള്‍പ്പെടെയാണ് റോഡില്‍ കയറി കിടക്കുന്നത്. നഗരസഭ സെക്രട്ടറിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. തദ്ദേശവാസികളില്‍ നിന്നും മെമ്മോറാണ്ടം തയ്യാറാക്കി നഗരസഭ ചെയര്‍മാന് നല്‍കാന്‍ ഒരുങ്ങുകയാണ് കൗണ്‍സിലര്‍ അടക്കമുള്ള പ്രദേശവാസികള്‍.

 

Back to top button
error: Content is protected !!