വില്ലൻമാരായി വിമതൻമാർ; മത്സരത്തിൽ നിന്നും ആകെ പിന്മാറിയത് ഒരാൾ മാത്രം.

 

മൂവാറ്റുപുഴ : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ നഗരസഭയില്‍ യുഡിഎഫ് വിമതരുടെ എണ്ണം വ്യക്തമായി. വിമതരുടെ ഒഴുക്ക് യുഡിഎഫിനാണ് തലവേദനയാകുന്നത്. പലയിടങ്ങളിലും വിമതരെ പിന്‍മാറ്റാനുള്ള ശ്രമം നേതൃത്വം ഇടപെട്ട് നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഒരാള്‍ മാത്രമാണ് പിന്‍മാറിയത്. 15-ാം വാര്‍ഡില്‍ മുന്‍ നഗരസഭാംഗമായിരുന്ന ഹിപ്സണ്‍ ഏബ്രഹാം (കീപ്പന്‍) മാത്രമാണ് പിന്‍വാങ്ങിയത്. ജോര്‍ജ് (ജോളി മണ്ണൂര്‍) ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് വിമതരെല്ലാം തന്നെ മത്സര രംഗത്തുണ്ട്. നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐഷ ബീവിക്കെതിരെ സുനി സുനിലും, എട്ടില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ നസീമ മൂസയ്ക്കെതിരെ മുന്‍ മുസ്ലീം ലീഗ് നഗരസഭാംഗം തന്നെയായ അനീസ റഷീദാണ് വിമതയായി എത്തിയിരിക്കുന്നത്. ഒമ്പതാം വാര്‍ഡില്‍ മുസ്ലീം ലീഗ് മുന്‍ നഗരസഭാംഗം സി.എം. ഷുക്കൂറാണ് വിമതനായി ഇതേ പാര്‍ട്ടിയിലെ വി.എം. അബ്ദുള്‍ സലാമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ കടുത്ത മത്സരമാണ് നടക്കുക. 11ല്‍ കോണ്‍ഗ്രസ് ആദ്യം സീറ്റ് നല്‍കാന്‍ നിശ്ചയിച്ചിരുന്ന അബ്ദുള്‍ ഖാദര്‍ അജിമോന്‍ (അജി മുണ്ടാട്ട്) ആണ് വിമതന്‍. ഇവിടെ കോണ്‍ഗ്രസിലെ മൂസ മൈതീന്‍ ആണ് ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ഥി. ഇവിടെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളെ കൂടാതെ ഒരു സ്വതന്ത്രനും രംഗത്തുണ്ട്. 13ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച ജൈനമ്മ ബിനോയി സ്വതന്ത്രയായി രംഗത്തുണ്ട്. മുന്‍ നഗരസഭാംഗം പ്രമീള ഗിരീഷ് കുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സീറ്റായ 14-ാം വാര്‍ഡില്‍ വളരെ ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് വിമതയായി കൈപ്പത്തി ചിഹ്നത്തില്‍ ജോയ്സ് മേരി ആന്‍റണി വിമതയായി എത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകരില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ഇവിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ വത്സ പൗലോസാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. 19ല്‍ മുന്‍ നഗരസഭാംഗവും മഹിള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ബീന വിനയനാണ് ശക്തമായ വെല്ലുവിളിയായി ഔദ്യോഗിക സ്ഥാനാര്‍ഥി ഷീജ റെജിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 21ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജിനു ആന്‍റണിക്കെതിരെ മുന്‍ നഗരസഭാംഗമായ ജോണി ജോര്‍ജ് സ്വതന്ത്രനായി രംഗത്തുണ്ട്. ഇവിടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മത്സരിച്ച സീറ്റ് തിരിച്ചെടുത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥികൂടിയായ യു.ആര്‍. ബാബുവും ഇവിടെ നിന്നാണ് അങ്കം കുറിക്കുന്നത്. വിജയം പ്രവചനാതീതമായ മത്സരത്തിലേക്കാണ് 21-ാം വാര്‍ഡ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ശക്തമായി നടത്തിയിരുന്ന യുഡിഎഫിന് വിമതര്‍ വിനയാകുമോ എന്ന് കണ്ടറിയാം. പലയിടങ്ങളിലും നഗരസഭാംഗങ്ങളുള്‍പ്പെടെ വിമതരായി എത്തിയത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിമതരെ ഗൗനിക്കാതെ ശക്തമായ പ്രചരണങ്ങള്‍കൊണ്ട് സ്ഥാനാര്‍ഥികള്‍ മുന്നോട്ടുനീങ്ങുകയാണ്.

Back to top button
error: Content is protected !!