രാമൻ ചേട്ടന് ഇവൻ കൂടപ്പിറപ്പ് തന്നെ …. “മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധം….”

 

കോലഞ്ചേരി: 30 വർഷമായി രണ്ടാളും പാടത്തുണ്ട്. കറുകപ്പിള്ളി രണ്ടാം തേക്കിൽ കർഷകനായ ആർ.കെ.രാമൻ നായർക്ക് 1992 കാരനായ കാമ്കോ യുടെ ട്രാക്ടർ മൂന്ന് പതിറ്റാണ്ടായി കൂടപ്പിറപ്പ് തന്നെയാണ്. കൃഷി തന്നെയാണ് രാമൻ ചേട്ടന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗ്ഗം. സ്വന്തമായ 53 സെന്റോളം വയൽ കൂടാതെ പാട്ടത്തിനെടുത്ത പത്തേക്കറോളം ഭൂമി രാമൻ ചേട്ടൻ കൃഷി ചെയ്ത് വരുന്നു. നേരം പുലർന്നാൽ ഇരുട്ട് വീശുന്നത് വരെ വയലിൽ തന്നെ. ചെറിയ ക്ലാസ്സിൽ പഠിത്തം നിർത്തിയ രാമന് പിന്നീട് തയ്യലായിരുന്നു ജോലി. ഇരുന്നുള്ള തയ്യൽ പണിയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടാണ് രാമനെ പാരമ്പര്യ കൃഷിയിലേക്ക് പൂർണ്ണമായി മാറ്റിയത്. 1992 ലാണ് ആലുവ അത്താണിയിലുള്ള കാമ് കോയിൽ നിന്ന് പവ്വർ ടില്ലർ മേടിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള പരിശീലനവും ഇവിടെ നിന്നും കഴിഞ്ഞ് പിന്നെ കൂടെ കൂട്ടിയതാണ്. സർക്കാരിന്റെ പല പദ്ധതികളിൽ വന്ന് പിന്നീട് കണക്ക് പോലുമില്ലാതെ എവിടെങ്കിലും അനാഥമായി തുരുമ്പെടുത്ത് നശിക്കുന്ന ടില്ലറുകൾ ഉള്ള നാട്ടിലാണ് 30 വർഷമായി രാമൻ ചേട്ടൻ ഇവനെ പൊന്ന് പോലെ കൊണ്ട് നടക്കുന്നത്. ഇതിന്റെ രജിസ്ട്രേൻ മുതൽ സകല പേപ്പറുകളും ഭദ്രമായി സൂക്ഷിച്ച് വരുന്ന രാമൻ ചെറിയ പണികളൊക്കെയും തന്നെ ചെയ്യും. പുതിയ തലമുറയിലെ കൃഷി യന്ത്രങ്ങൾക്ക് മുന്നിൽ കൃഷിയെ സ്നേഹിക്കുന്ന രാമൻ ചേട്ടന്റെ ടില്ലർ പുലി തന്നെ.
(ഫോട്ടോ: “നിങ്ങൾക്കായി ഞങ്ങളുണ്ട് ” രാമൻ ചേട്ടൻ തന്റെ ടില്ലറുമായി കറുകപ്പിള്ളിയിലെ കൃഷി യിടത്തിൽ )

Back to top button
error: Content is protected !!