പ്രളയത്തില്‍ നിന്നും ഉരുത്തിരിഞ്ഞ മണ്‍സൂണ്‍ അനുരാഗ നൃത്തച്ചുവടുകളുമായി രചന നാരായണന്‍ കുട്ടിയും സംഘവും

മൂവാറ്റുപുഴ: പ്രകൃതിയെക്കൊണ്ടുള്ളതെല്ലാം പ്രകൃതിയെക്കൊണ്ടു മാത്രം എന്ന ശാശ്വത സത്യം നൃത്തശില്‍പമായി അവതരിപ്പിച്ച് അഭിനേത്രിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടിയും സംഘവും. കൂച്ചിപ്പൂടി നൃത്തശൈലിയില്‍ ചിട്ടപ്പെടുത്തിയ മണ്‍സൂണ്‍ അനുരാഗ എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത ശില്‍പം മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയാണ് വേദിയില്‍ എത്തിച്ചത്. മഴ പെയ്യിക്കുന്ന നക്ഷത്രങ്ങളോടുള്ള പ്രാര്‍ത്ഥന, മഴയുടെ ദൈവമായ ഇന്ദ്രനോടുള്ള പ്രണാമം, അഭയം നല്‍കുന്ന ഗോവര്‍ദ്ധനഗിരിധാരിയായ കൃഷ്ണന്‍, മഴയോടുള്ള മീരയുടെ പ്രണയം, അമൃതവര്‍ഷിണി രാഗഭാവം എന്നിവയാണ് കാലവര്‍ഷാനുരാഗമായി വേദിയില്‍ എത്തിയത്. മണ്‍സൂണ്‍ അനുരാഗയുടെ സംഗീതം ചിട്ടപ്പെടുത്തിയ ഭാഗ്യലക്ഷ്മിയുള്‍പ്പടെ ആറ് നര്‍ത്തകിമാരും രചനയുമാണ് വേദിയിലെത്തിയത്. 2018ലെ പ്രളയത്തില്‍ നിന്നും മണ്‍സൂണ്‍ അനുരാഗ ഉരുത്തിരിഞ്ഞതെന്ന് അഭിനേത്രിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി പറഞ്ഞു. ഓരോ അവതരണത്തിനും ആമുഖമായി മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വാക്കുകള്‍ മനോഹരമായിരുന്നു. കഥാപാത്രങ്ങള്‍ തമ്മിലുള്ള ഇംഗ്ലീഷ് സംഭാഷണങ്ങളും മുന്നൂറോളം വരുന്ന പ്രേക്ഷകര്‍ക്ക് പുതുമയായി. കലാരൂപം ഏതാണെങ്കിലും അത് പറയാനുദ്ദേശിക്കുന്ന ആശയം ശരിയായവിധം ആസ്വാദകനിലെത്തുക എന്നതാണ് പ്രധാനം എന്നതിന് ഉദാഹരണമായിരുന്നു വേദിയില്‍ നിന്ന് ശ്രദ്ധ തെറ്റാതെ ആദ്യാവസാനം പരിപാടി ആസ്വദിച്ച പ്രേക്ഷകവൃന്ദം. മേള സെക്രട്ടറി മോഹന്‍ദാസ് എസ്. രചന നാരായണന്‍കുട്ടിയെ സദസ്സിന് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് പി. എം. ഏലിയാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

Back to top button
error: Content is protected !!