സമ്പർക്കമുണ്ടായവർക്ക് ക്വാറന്റീൻ നിർബന്ധം:കേന്ദ്രസംഘം

മൂവാറ്റുപുഴ: കോവിഡ് രോഗബാധിതരുമായി സമ്പർക്കമുണ്ടായവർക്ക് ക്വാറന്റീൻ നിർബന്ധമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും കേന്ദ്ര വിദഗ്ധസംഘം. കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ സംഘവുമായുള്ള ചർച്ചയിലാണ് ഈ നിർദ്ദേശം നൽകിയത്. രോഗലക്ഷണമുള്ളവർക്കിടയിലെ പരിശോധന മുന്നോട്ട് കൊണ്ടുപോകണം. ഒട്ടാകെയുള്ള പരിശോധനയിൽ ആർ.ടി.പി.സി.ആർ പരിശോധനയുടെ അനുപാതം വർധിപ്പിക്കണമെന്നും സംഘം അഭിപ്രായപ്പെട്ടു. ജില്ലയിലെത്തിയ മൂന്നംഗ കേന്ദ്രസംഘം ലുലുമാൾ , നായരമ്പലം പി.എച്ച്.സി, പറവൂർ താലൂക്ക് ആശുപത്രി, കമ്മട്ടിപ്പാടം, വിവിധ കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ സന്ദർശിച്ചു. ഇതിനു ശേഷം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഗസ്റ്റ്ഹൗസിൽ ചർച്ച നടത്തി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ദുരന്ത കൈകാര്യ വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജാൻ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ റെസ്പിറേറ്ററി ഫിസിഷ്യൻ ഡോ. രോഹിത് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുന്നത്.

Back to top button
error: Content is protected !!