റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിൻ

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചിരുന്നു. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോൾ പുടിൻ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്. ഇന്നലെ യുക്രെയിനിലെ കുട്ടികളുടെ ആശുപത്രിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കുട്ടികൾ അടക്കം 37 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ നേതാവ് വൻ കുറ്റവാളിയെ ആണ് ആലിംഗനം ചെയ്തതെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചു.

മോദിയുടെ സന്ദർശനത്തിൽ അമേരിക്കയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയിൽ കോൺഗ്രസ് നേതാക്കൾ സെലൻസ്കിയുടെ പ്രസ്താവന ആയുധമാക്കി രംഗത്ത് വന്നു. എന്നാൽ കുട്ടികൾ കൊല്ലപ്പെടുന്നത് വേദനാജനകമെന്നും സംഘർഷം തീർക്കണമെന്നും മോദി പരസ്യമായി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള വഴികളും പുതിയ ആശയങ്ങളും ഉയർന്നു വന്നത് പ്രതീക്ഷ നൽകുന്നുവെന്നും മോദി പറഞ്ഞെങ്കിലും കൂടുതൽ വിശദീകരിച്ചില്ല. റഷ്യൻ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത 40തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു.  ഇന്ത്യ-റഷ്യ ബന്ധം ദൃ‍ഢമാക്കുന്നതും യുക്രയിൻ സംഘർഷവും കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന സന്ദേശമമാണ് മോദി രണ്ടു ദിവസത്തെ സന്ദർശനത്തിൽ നൽകിയത്.

Back to top button
error: Content is protected !!