ഒന്നാം ഘട്ട ടാറിങ് പൂര്‍ത്തിയാക്കി പുളിന്താനം-കാലാമ്പൂര്‍ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

പോത്താനിക്കാട്: കക്കടാശേരി- ഞാറക്കാട് റോഡിലെ കാലാമ്പൂര്‍ മുതല്‍ പുളിന്താനം വരെയുള്ള ഭാഗത്തെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയായി. വാഹന ഗതാഗതം പുനരാരംഭിച്ചു. റീബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 കോടി രൂപ ചിലവില്‍ നവീകരിക്കുന്ന റോഡിലെ കാലാമ്പൂര്‍ മുതല്‍ പുളിന്താനം വരെയുള്ള ഭാഗത്തെ ഗതാഗതം ഫെബ്രുവരി മുതല്‍ തടഞ്ഞിരിക്കുകയായിരുന്നു. ജൂലൈയില്‍ പുളിന്താനം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മഴ മൂലം റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായിരുന്നില്ല. കഴിഞ്ഞദിവസം ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയതോടെയാണ് റോഡ് തുറന്നുകൊടുക്കാന്‍ കഴിഞ്ഞത്. മൂന്നു പഞ്ചായത്തുകളിലെ അഞ്ഞൂറോളം പേര്‍ അംഗങ്ങളായ ജനകീയ റോഡ് വികസനസമിതിയുടെ പ്രവര്‍ത്തനം കൊണ്ട് മികച്ച നിര്‍മ്മാണം സാധ്യമാക്കാന്‍ ഈ റോഡിന് കഴിഞ്ഞു. റോഡ് പുറമ്പോക്ക് ഒഴിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നിരവധി ഭാഗങ്ങളിലാണ് റോഡിന് വീതി വര്‍ദ്ധിപ്പിക്കാനും, വളവ് നിവര്‍ത്താനും ഭൂമി ലഭ്യമായത്. ഇതോടൊപ്പം, സമിതി ഇടപെട്ട് സ്വകാര്യ വ്യക്തികളെ നേരില്‍ കണ്ട് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായി അവരുടെ ഭൂമി കൂടി ലഭ്യമാക്കുവാനും വികസനസമിതിയുടെ ഇടപെടല്‍ പ്രയോജനം ചെയ്തു.
ഏഴു മാസം നീണ്ട ആദ്യഘട്ട നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായത് ഏഴു പതിറ്റാണ്ട് പഴക്കമുള്ള ഈ റോഡിലെ ചെറുപാലമായ പുളിന്താനം പാലത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു. ഈ ഭാഗം റോഡ് തുറക്കുന്നതോടെ മൂവാറ്റുപുഴയ്ക്കുള്ള ഗതാഗതം ഏറെ എളുപ്പമാകും. പോത്താനിക്കാട് മുതല്‍ പൈങ്ങോട്ടൂര്‍ വരെയുള്ള ഭാഗം മെറ്റല്‍ വിരിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനെതുടര്‍ന്ന് ഇതുവഴിയുടെ യാത്ര ഏതാനും നാള്‍കൂടി ദുഷ്‌ക്കരമായിരിക്കും.
ആകെയുള്ള 20.200 കി.മീറ്റര്‍ റോഡില്‍ 3.240 കി.മീ ദൂരമാണ് ഇപ്പോള്‍ പൂര്‍ത്തിയായത് .. ശേഷിക്കുന്നത് 16.960 കി.മീറ്ററാണ് … ഇതില്‍ 9.350 കി.മീ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലും, 4. 540 കി.മീ ആയവന പഞ്ചായത്തിലും,3.070 കി.മീ പോത്താനിക്കാട് പഞ്ചായത്തിലുമാണ്.
ആകെയുള്ള റോഡിന്റെ പകുതിഭാഗത്തോളം വരുന്ന പൈങ്ങോട്ടൂര്‍ പഞ്ചായത്തിലും ജനപ്രതിനിധികളുടേയും റോഡ് വികസനസമിതിയുടേയും വേണ്ടത്ര ഇടപെടല്‍ നടത്തി കൊടുംവളവുകള്‍ നിവര്‍ത്തിയും വീതികുറഞ്ഞ ഭാഗങ്ങളില്‍ വീതി വര്‍ദ്ധിപ്പിച്ചും റോഡ് ആധുനികനിലവാരത്തിലേക്കെത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Back to top button
error: Content is protected !!