പിഎസ്സി കോച്ചിംഗ് ഉദ്ഘാടനവും വാര്‍ഷികാഘോഷവും നടത്തി

മൂവാറ്റുപുഴ : കോതമംഗലം രൂപതയുടെ നേതൃത്വത്തിലുള്ള നിര്‍മ്മല സിവില്‍ സര്‍വീസ് അക്കാദമിയുടെ ഒന്നാം വാര്‍ഷികവും പിഎസ്സി കോച്ചിംഗ് ഉദ്ഘാടനവും മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ എംസിഎ ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷതവഹിച്ചു. സിവില്‍ സര്‍വീസിന്റെ ഉന്നത ഉദ്യോഗതലത്തിലേക്ക് മിടുക്കരായ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഈ മേഖലയിലേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകതയും ജസ്റ്റിസ് പങ്കുവച്ചു. സര്‍ക്കാര്‍ ഉദ്യോഗതലങ്ങളില്‍ അര്‍പ്പണബോധമുള്ള ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കുവാന്‍ നിര്‍മ്മല സിവില്‍ സര്‍വീസ് അക്കാദമി രൂപം നല്‍കുന്ന എല്ലാ പരിശീലന പദ്ധതികള്‍ക്കും പിന്തുണ അറിയിച്ചു. ജൂണ്‍ മാസം ആരംഭിക്കുന്ന പിഎസ്സി കോച്ചിംഗ് ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. നിര്‍മ്മല കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, മുരിക്കാശ്ശേരി പാവനാത്മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബോര്‍ഡംഗം റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ സ്വാഗതവും അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സഖറിയാസ് കല്ലിടുക്കില്‍ നന്ദിയും പറഞ്ഞു. വൈദികര്‍, സിസ്റ്റേഴ്‌സ്, കോളജ് – സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, മറ്റ് അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അക്കാദമികതല വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും യോഗത്തില്‍ വിതരണം ചെയ്തു.

Back to top button
error: Content is protected !!