പ്രൊഫ. സി എന്‍ ആര്‍ റാവുവിന് എം പി വര്‍ഗീസ് അവാര്‍ഡ് നല്‍കി ആദരിച്ചു

കോതമംഗലം : പ്രൊഫ.എം.പി വര്‍ഗീസ് അവാര്‍ഡ് ഭാരതരത്‌ന അവാര്‍ഡ് ജേതാവും പ്രശസ്ത ഇന്ത്യന്‍ രസതന്ത്രജ്ഞനുമായ പ്രൊഫ.സി എന്‍ ആര്‍ റാവുവിന് സമ്മാനിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷനും,ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മേഴ്സ് ഫോര്‍ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് റൈറ്റ് സംയുക്തമായി ഏര്‍പ്പെടുത്തിയ 2023 ലെ അവാര്‍ഡാണ് സി എന്‍ ആര്‍ റാവുവിന് സമ്മാനിച്ചത്. ഇന്ത്യയില്‍ ശാസ്ത്ര വിദ്യാഭ്യാസവും, ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ പുരസ്‌കാരം പ്രൊഫ. സി എന്‍ ആര്‍ റാവുവിന് നല്‍കിയത്. വ്യാഴാഴ്ച ബാംഗ്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ നടന്ന ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.മാത്യുസ് മാര്‍ അപ്രേം പ്രശസ്തി പത്രം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് സമ്മാനദാനവും നിര്‍വഹിച്ചു. കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.മാത്യുസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് സ്വാഗതവും, അടിമാലി മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി അലക്‌സാണ്ടര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റേയും ഓഫര്‍ സംഘടനയുടെയും പ്രതിനിധികള്‍, പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തു. ദേശീയ തലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് വര്‍ഷംതോറും പുരസ്‌കാരം നല്‍കുന്നത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. എം.പി വര്‍ഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് നല്‍കിയിരുന്നു.

Back to top button
error: Content is protected !!