കപ്പ കര്‍ഷകരെ ദുരിതത്തിലാക്കി കപ്പ വില ഇടിഞ്ഞു

മൂവാറ്റുപുഴ: കപ്പ കര്‍ഷകരെ കടക്കെണിയിലാക്കി കപ്പയ്ക്ക് വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 25 രൂപ മുതല്‍ 30 വരെ വിലയുയര്‍ന്ന കപ്പയ്ക്ക് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 13 രൂപ മുതല്‍ 15 രൂപ വരെയാണ്. ചില്ലറ വില 30 രൂപ വരെ ഉണ്ടെങ്കിലും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വില ലഭിക്കുന്നില്ല. കപ്പ മൊത്തവ്യാപാരികള്‍ തുച്ഛമായ വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും കപ്പ വാങ്ങുന്നത്. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നല്ല വില ലഭിക്കുമ്പോഴാണ് കപ്പ കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി. ഒരു കിലൊ കപ്പയ്ക്ക് 20 രൂപ എങ്കിലും ലഭിച്ചാലെ അധ്വാനിച്ചതിന്റെ ഫലം ലഭിക്കൂ. മിക്ക കര്‍ഷകരും കൂലിക്ക് ആളെ വച്ചാണ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ വര്‍ഷം 600 രൂപ കൂലി ഉണ്ടായിരുന്നത് ഈ വര്‍ഷം 700 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും വളം വിലയും വര്‍ധിച്ചു.

അമിത കൂലി ചിലവും വളത്തിന്റെ വില വര്‍ധനവുമെല്ലാം ഈ രംഗത്ത് തിരിച്ചടിയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വാളകം, ആരക്കുഴ, പായിപ്ര, കുന്നത്തുനാട് ,എന്നിവിടങ്ങളില്‍ തരിശുകിടന്ന ഏക്കറുകണക്കിന് പാടങ്ങളില്‍ കപ്പ കൃഷി വ്യാപകമായിരിക്കുകയാണ്. കപ്പ കൃഷി വ്യാപകമായതും, പത്ത് മാസം കൊണ്ട് വിളവെടുക്കുന്ന കപ്പയാണ് അധികവും നടുന്നത്. കപ്പവിഭവങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വരെ മെനുവില്‍ ഇടം പിടിച്ചതോടെ കപ്പയ്ക്ക് വന്‍ ഡിമാന്റുയര്‍ന്നിരുന്നു. ഹോട്ടലുകളും മറ്റും ഉള്‍കൊള്ളുന്ന ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടാണ് കപ്പ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ കപ്പ ദീര്‍ഘനാളത്തേക്ക് സംഭരിക്കാന്‍ കഴിയില്ല. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് വ്യാവസായിക അടിസ്ഥാനത്തില്‍ കപ്പ കൃഷി നടപ്പാക്കി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കപ്പയില്‍ നിന്നു മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. അഭ്യന്തര വിപണയില്‍ ഭക്ഷ്യ വസ്തുവെന്ന നിലയില്‍ തന്നെ കപ്പയ്ക്ക് പ്രിയമേറയിതാണ് കപ്പ വ്യാപകമായി കൃഷി ചെയ്യുവാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. കൂടുതല്‍ വിള കിട്ടുന്ന കപ്പ ഇനങ്ങളായ എച്ച്226,എച്ച് 165, ശ്രഹര്‍ഷ, മിക്‌സര്‍, കറുത്ത മിക്‌സര്‍, രാമന്‍, തുടങ്ങിയ ഇനം കപ്പകളാണ് കൂടുതലായി കൃഷിക്കുപയോഗിച്ചിരിക്കുന്നത്. വലിയിലെ ഇടിവ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരുടെ നടുവൊടിച്ചിരിക്കുകയാണ്.

 

Back to top button
error: Content is protected !!