പോയാലിമലയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താല്‍: സര്‍വ്വേ സംഘം സ്ഥലപരിശോധന നടത്തി

മൂവാറ്റുപുഴ: പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലി മലയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പോയാലിമല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കുന്നതിനായി റവന്യൂ വകുപ്പ് നിയോഗിച്ച സര്‍വ്വേ സംഘം പ്രാരംഭ സ്ഥലപരിശോധന നടത്തി. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ ടൂറിസം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഭരണസമിതി മന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ സര്‍വ്വേ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അവികസിത മേഖലയായ പായിപ്ര പഞ്ചായത്തിലെ പോയാലി മല ടൂറിസ്റ്റ് കേന്ദ്രമാക്കുവാന്‍ ടൂറിസം വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മലമുകളില്‍ ഒരിക്കലും വെളളം വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ പരിമിതമാണ്. മൂവാററുപുഴ നഗരത്തില്‍ നിന്നും ഒന്‍മ്പത് കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കന്നതിനുളള സാഹചര്യങ്ങളും നിലവിലുണ്ട്. 18-ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതു സമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്. നേരത്തെ മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറി കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി. മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ്പെ സ്ഥാപിക്കുക, മലമുകളിലെ വൂ പോയിന്റുകളില്‍ കാഴ്ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്‍പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവ മലയില്‍ നടപ്പിലാക്കിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറും. മാത്രവുമല്ല വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലി മല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രം നിലനിര്‍ത്താന്‍ കഴിയും. കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാരകേന്ദ്രമാക്കുവാന്‍ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാര്‍ക്ക്, വ്യൂ ടവര്‍ എന്നവയെല്ലാം നിര്‍മ്മിക്കുമ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന വിനോദ സഞ്ചാരകേന്ദമാകും . മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മല മാറും.

 

Back to top button
error: Content is protected !!