യാത്രക്കാര്‍ക്ക് ഭീഷണിയായി നഗര റോഡിലെ അപകട ക്കുഴികള്‍

മൂവാറ്റുപുഴ: നഗര റോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പോസ്റ്റോഫീസ് ജംഗ്ഷന്‍ മുതല്‍ വെള്ളൂക്കുന്നം വരെയുള്ള റോഡിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ ഇരു ചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് കുഴികള്‍ തിരിച്ചറിയാനാകത്തതിനാല്‍ കുഴിയില്‍ വീഴുകയും അപകടത്തിനിരയാകുകയും ചെയ്യുന്നു. റോഡ് നിര്‍മാണത്തില്‍ വന്ന അപാകതമൂലമാണ് ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പിഒ ജംഗ്ഷന്‍, അരമന പടി. വള്ളക്കാലി ജംഗ്ഷന്‍, കച്ചേരിത്താഴം, നെഹ്‌റുപാര്‍ക്ക്, വെള്ളൂര്‍ക്കുന്നം എന്നിവിടങ്ങളിലെല്ലാം കുഴികളാണ്. റോഡ് നിറയെ കുഴികളായതിനാല്‍ വാഹനങ്ങളുടെ മെല്ലെപ്പോക്കുമൂലം നഗരത്തില്‍ മുഴുവന്‍ സമയം ഗതാഗത കുരുക്കാണ്. രോഗിയുമായി വരുന്ന ആംബുലന്‍സ് അടക്കം ഗതാഗത കുരുക്കില്‍പ്പെടുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് പരിഹാരം കണ്ടെത്തുന്നതിന് തയാറായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മഴയുടെ ശക്തി കൂടിയാല്‍ വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ വലുതാകുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. റോഡിലെ കുഴികള്‍ യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

Back to top button
error: Content is protected !!