പോത്താനിക്കാട് – മുളളരിങ്ങാട് റോഡ് സഞ്ചാരയോഗ്യമാക്കണം.

 

പോത്താനിക്കാട് : കുണ്ടും കുഴിയും, പാര്‍ശ്വഭിത്തികള്‍ തകര്‍ന്നും ശോചനീയാവസ്ഥയിലായ പോത്താനിക്കാട് – ചാത്തമറ്റം -മുളളരിങ്ങാട് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഈ റോഡിലൂടെ അരനൂറ്റാണ്ടിലധികമായി ബസ് സര്‍വ്വീസുകളും ഉണ്ട് . കെ. എസ് ആര്‍. ടി. സി അടക്കം ഇപ്പോള്‍ ഒരു ഡസനോളം ബസ് സര്‍വ്വീസുളള ഇതു വഴി ദിവസേന ആയിരക്കണക്കിനു മറ്റു വാഹനങ്ങളും ഗതാഗതം നടത്തുന്നുണ്ട്.
ചെറുകിട നാമമാത്രകര്‍ഷകരും, പിന്നോക്കക്കാരും, കൂലിപ്പണിക്കാരും അധിവസിക്കുന്ന മുളളരിങ്ങാട്, ഒറ്റക്കണ്ടം മേഖലയിലുളളവര്‍ക്ക് തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലേക്കു പോകുന്നതിനുളള ഏക ആശ്രയം ഈ റോഡാണ്
എറണാകുളം ജില്ലാ, അതിര്‍ത്തിയായ ഒറ്റക്കണ്ടം മുതല്‍ മുളളരിങ്ങാട് വരെയുളള അഞ്ചുകിലോമീറ്റര്‍ ഭാഗം ഒരു വര്‍ഷം മുന്‍പ് റീ ടാര്‍ ചെയ്തിരുന്നു. പാറേപ്പടി മുതല്‍ പോത്താനിക്കാട് വരെയുളള ഏഴുകിലോമീറ്റര്‍ ഭാഗമാണിപ്പോഴും പൂര്‍ണ്ണമായി തകര്‍ന്നുകിടക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി അറ്റകുറ്റപണികള്‍ ഒന്നും നടക്കാത്തതാണ് ഈ ദുരവസ്ഥക്കുകാരണമെന്നു നാട്ടുകാര്‍ പറയുന്നു.
ഇതിനിടയില്‍ ആനത്തുവഴി അല്‍ഫോന്‍സാനഗര്‍, ചാത്തമറ്റം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങളില്‍ റോഡിന്‍റെ പാര്‍ശ്വഭിത്തികളും തകര്‍ന്നത് ദുരിതത്തിന്‍റെ ആക്കം വര്‍ദ്ധിപ്പിച്ചു.
അപകടങ്ങള്‍ പതിവാകുന്ന ഈ രണ്ടുഭാഗങ്ങളിലും ഭാരവണ്ടികള്‍ വളരെ ഞെരുങ്ങിയാണ് കടന്നുപ്പോയ്ക്കൊണ്ടിരിക്കുന്നത്.
റോഡിന്‍റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളും, രാഷ്ട്രീയ സാമൂഹികസംഘടനകളും നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇനിയും കണ്ണുതുറക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഫോട്ടോ – പോത്താനിക്കാട് – മുളളരിങ്ങാട് റോഡിന്‍റെ ചാത്തമറ്റം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം പാര്‍ശ്വഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായ നിലയില്‍

Back to top button
error: Content is protected !!